അണ്ണാ ഡിഎംകെ പോര്: അധികാരം പിടിച്ചെടുത്ത് പളനിസ്വാമി, പനീർശെൽവത്തെ പുറത്താക്കി

Published : Jul 11, 2022, 02:34 PM IST
അണ്ണാ ഡിഎംകെ പോര്: അധികാരം പിടിച്ചെടുത്ത് പളനിസ്വാമി, പനീർശെൽവത്തെ പുറത്താക്കി

Synopsis

എഐഎഡിഎംകെയിൽ ഇനി ഇരട്ട നേതൃത്വ പദവിയില്ല, ഭരണഘടന ഭേദഗതി ചെയ്ത് ജനറൽ കൗൺസിൽ, അണ്ണാ ഡിഎംകെ ആസ്ഥാന പരിസരത്ത് നിരോധനാജ്ഞ

ചെന്നൈ: തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിലെ നേതൃത്വ പോരിൽ മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തിന് തിരിച്ചടി. ചുമതലകളിൽ നീക്കിയതിന് പിന്നാലെ, പനീർശെൽവത്തെ അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കി. ചെന്നൈ വാനഗരത്തിൽ ചേർന്ന പാർട്ടി ജനറൽ കൗൺസിൽ താൽക്കാലിക ജനറൽ സെക്രട്ടറിയായി എടപ്പാടി കെ.പളനിസ്വാമിയെ തെരഞ്ഞെടുത്തു. ഇതോടെ പാർട്ടിയിലെ പൂർണ അധികാരം പളനിസ്വാമി വിഭാഗം പിടിച്ചെടുത്തു.

ജനറൽ കൗൺസിൽ യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പനീർശെൽവത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പാർട്ടിയുടെ നിയന്ത്രണം പളനിസ്വാമി പിടിച്ചെടുത്തത്. ജനറൽ കൗൺസിലിലെ ആധിപത്യത്തിന്റെ പിൻബലത്തിൽ, ഒത്തുതീർപ്പിന്റെ ഭാഗമായി കൊണ്ടുവന്ന ഇരട്ട നേതൃത്വം എടപ്പാടി വിഭാഗം ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. പാർട്ടി ഭരണഘടന ഭേദഗതി ചെയ്ത്, ഇരട്ടനേതൃത്വം ഒഴിവാക്കി. പളനിസ്വാമിയെ താൽക്കാലിക ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു, ഒപിഎസിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കി. പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ ഒപിഎസിനെ പുറത്താക്കണമെന്ന് കെ.പി.മുനുസ്വാമി അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കൂടുതൽ നടപടികൾ പിന്നീട് ആലോചിക്കാമെന്നായിരുന്നു ഈ ഘട്ടത്തിലെ തീരുമാനം.

എന്നാൽ ഉച്ചയ്ക്ക് ശേഷം നിർണായക തീരുമാനം എത്തി. ഒപിഎസിനെ അണ്ണാ ഡിഎംകെയിൽ നിന്ന് തന്നെ പുറത്താക്കി. പാർട്ടി അംഗത്വത്തിൽ നിന്നുൾപ്പെടെ പനീർശെൽവത്തെ നീക്കും. ഒപിഎസിനൊപ്പം, അദ്ദേഹത്തിന്റെ വിശ്വസ്തരായ പി.എച്ച്.മനോജ് പാണ്ഡ്യൻ, ജെ.സി.ടി.പ്രഭാകരൻ, ആർ.വൈദ്യലിംഗം എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. ഒപിഎസ് വഹിച്ചിക്കുന്ന പാർട്ടി ട്രഷറർ സ്ഥാനം ദിണ്ടിക്കൽ ശ്രീനിവാസന് കൈമാറിയിട്ടുണ്ട്. പാർട്ടി കോർഡിനേറ്റർ പദവിക്ക് ഒപ്പമായിരുന്നു ട്രഷറ‌ർ സ്ഥാനവും പനീർശെൽവം കൈകാര്യം ചെയ്തിരുന്നത്. 

സംഘർഷ സാധ്യത കണക്കിലെടുത്ത്, അണ്ണാ ഡിഎംകെ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എഐഎഡിഎംകെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആർഡിഒ പൂട്ടി മുദ്രവച്ചു. രാവിലെ റോയപേട്ടിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ഇപിഎസ്-ഒപിഎസ് അനുകൂലികൾ ഏറ്റുമുട്ടിയിരുന്നു. കുറുവടിയും കത്തിയും അടക്കം ആയുധങ്ങളുമായാണ് അണികൾ എത്തിയത്. നിരവധി പേർക്ക് പരിക്കേറ്റു. ഓഫീസിന്റെ മുൻവാതിൽ തകർത്ത് അണികൾ പനീർശെൽവത്തെ അകത്തേക്ക് കൊണ്ടുപോയി. സംഘർഷം നടക്കുന്നതിനിടെ ഓഫീസിന്റെ മട്ടുപ്പാവിൽ നിന്ന് ഒപിഎസ് അണികളെ അഭിവാദ്യം ചെയ്തു. 

 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ