
ഐസ്വാള്‍: ലോക്ക്ഡൗണില്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയ നാല് പേരുടെ ബാങ്ക് വായ്പ അടച്ച് തീര്‍ത്ത് അജ്ഞാതന്‍. മിസോറാമിലാണ് സംഭവം. മൂന്ന് സ്ത്രീകളുടേതുള്‍പ്പെടെ നാല് പേരുടെ ബാങ്ക് വായ്പയായ 10 ലക്ഷം രൂപയാണ് അജ്ഞാതന്‍ അടച്ചുതീര്‍ത്തത്. തന്റെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിബന്ധന മുന്നോട്ടുവെച്ചാണ് ഇയാള്‍ സഹായം വാഗ്ദാനം ചെയ്തത്. ഐസ്വാളിലെ എസ്ബിഐ ബ്രാഞ്ചിലാണ് പണം നല്‍കിയത്.
'ഒരാള്‍ ബാങ്കിലേക്ക് കയറി വന്ന് തന്റെ വരവിന്റെ ഉദ്ദേശ്യം വ്യക്തമാക്കി. വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ പട്ടിക വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അവരുടെ വായ്പ താന്‍ അടക്കാമെന്നും അറിയിച്ചു. ഞങ്ങള്‍ നാല് പേരുടെ പട്ടിക നല്‍കി. അവരുടെ 10 ലക്ഷം രൂപ വായ്പ അയാള്‍ തിരിച്ചടച്ചു'-എസ്ബിഐ ബ്രാഞ്ച് അസി. ജനറല്‍ മാനേജര്‍ ഷെറില്‍ വാഞ്ചോങ് പറഞ്ഞു.
ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായവരുടെ പട്ടികയാണ് നല്‍കിയതെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. പിറ്റേ ദിവസം ഇവരോട് പണയവസ്തു തിരിച്ചെടുക്കാന്‍ അറിയിപ്പ് നല്‍കി. സഹായം ലഭിച്ച ഒരാള്‍ തന്റെ അജ്ഞാതനായ മാലാഖയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതി. ഐസ്വാള്‍ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന ആളാണ് ഇവരെ സഹായിച്ചതെന്നും മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ബാങ്ക് ജീവനക്കാര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam