'മറ്റൊരു 'പുല്‍വാമ' 2024 തെരഞ്ഞെടുപ്പിന് മുമ്പ്'; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്

By Web TeamFirst Published Feb 15, 2020, 6:31 PM IST
Highlights

 പുല്‍വാമ ഭീകരാക്രമണം നടന്ന് ഒരാണ്ട് പിന്നിടുമ്പോള്‍ രാഹുല്‍ ഗാന്ധി മൂന്ന് ചോദ്യങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ഉദിത് രാജിന്‍റെ പ്രതികരണം. ആര്‍ക്കാണ് പുല്‍വാമ ഭീകരാക്രമണം കൊണ്ട് ഏറ്റവും അധികം ഗുണമുണ്ടായതെന്നായിരുന്നു അതില്‍ പ്രധാന ചോദ്യം

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മരണയില്‍ രാജ്യം നില്‍ക്കുമ്പോള്‍ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. 2024 പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പുല്‍വാമ പോലെ മറ്റൊരു സംഭവം ഉണ്ടാകുമെന്നാണ് ഉദിത് രാജ് പറഞ്ഞത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി പുല്‍വാമ ഭീകരാക്രമണം നരേന്ദ്ര മോദി സര്‍ക്കാര്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണം നടന്ന് ഒരാണ്ട് പിന്നിടുമ്പോള്‍ രാഹുല്‍ ഗാന്ധി മൂന്ന് ചോദ്യങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ഉദിത് രാജിന്‍റെ പ്രതികരണം. ആര്‍ക്കാണ് പുല്‍വാമ ഭീകരാക്രമണം കൊണ്ട് ഏറ്റവും അധികം ഗുണമുണ്ടായതെന്നായിരുന്നു അതില്‍ പ്രധാന ചോദ്യം. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ അന്വേഷണം എവിടെ വരയെയായി, ആരാണ് ഉത്തരാവാദികള്‍ എന്നും രാഹുല്‍ ചോദിച്ചിരുന്നു.

ഇപ്പോള്‍ ഈ ചോദ്യങ്ങളെ പിന്തുണച്ചാണ് ഉദിത് രാജിന്‍റെ പ്രതികരണം. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഒന്നാകെ കണ്ണീരാഴ്ത്തി പുല്‍വാമ ഭീകരാക്രമണം നടന്നത്. കശ്‌മീരിലെ പുൽവാമ ജില്ലയിലെ ലാത്പോരയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി 12-ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. 78 വാഹനങ്ങളിലായി അവധി കഴിഞ്ഞു മടങ്ങുന്ന 2547 ജവാന്മാര്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു.

ഉച്ച കഴിഞ്ഞ് മൂന്നേകാലോടെ ദേശീയ പാതയില്‍ പുല്‍വാമ ജില്ലയിലെ ലാത്പോരയിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ചാവേർ ഓടിച്ച് വന്ന കാറിൽ 100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് നിറച്ചിരുന്നത്. 76-ാം ബറ്റാലിയന്‍റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുൽവാമ കാകപോറ സ്വദേശി തന്നെയായ ആദിൽ അഹമ്മദായിരുന്നു ചാവേറായി കാര്‍ ഓടിച്ച് വന്നത്.

click me!