ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ യുപിഎക്ക് പിന്നില്‍ അണിനിരക്കണമെന്ന് ശിവസേന

By Web TeamFirst Published Dec 26, 2020, 11:10 PM IST
Highlights

കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമല്ലെന്ന് പാര്‍ട്ടി മുഖപത്രം സാമ്‌ന എഡിറ്റോറിയല്‍ എഴുതിയതിന് പിന്നാലെയാണ് യുപിഎയുടെ പ്രാധാന്യത്തെക്കുറിച്ച് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് സംസാരിച്ചത്.
 

മുംബൈ: ശിവസേനയടക്കുമുള്ള മുഴുവന്‍ ബിജെപി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎക്ക് പിന്നില്‍ അണിനിരക്കണമെന്ന് ശിവസേന. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമല്ലെന്ന് പാര്‍ട്ടി മുഖപത്രം സാമ്‌ന എഡിറ്റോറിയല്‍ എഴുതിയതിന് പിന്നാലെയാണ് യുപിഎയുടെ പ്രാധാന്യത്തെക്കുറിച്ച് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് സംസാരിച്ചത്. യുപിഎ വിപുലീകരിക്കേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയാഗാന്ധി മികവോടെയാണ് യുപിഎയെ നയിക്കുന്നത്. ഏകാധിപത്യ ഭരണം അവസാനിപ്പിക്കണമെങ്കില്‍ യുപിഎ വികസിപ്പിക്കണം. ശക്തമല്ലാത്ത പ്രതിപക്ഷം ജനാധിപത്യത്തിന് ദോഷമാണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, ശിവസേന ഇതുവരെ യുപിഎയുടെ ഭാഗമല്ലാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് മറുപടി നല്‍കി. മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി, കോണ്‍ഗ്രസ് സഖ്യമാണ് ഭരിക്കുന്നതെങ്കിലും ശിവസേന യുപിഎയുടെ ഭാഗമല്ല. പ്രതിപക്ഷം ശക്തമല്ലാത്തതിനാലാണ് ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തോട് കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുന്നതെന്നായിരുന്നു സാമ്‌ന എഡിറ്റോറിയലില്‍ എഴുതിയത്. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ എന്‍ജിഒകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തിപരമായി രാഹുല്‍ഗാന്ധി ശക്തമായി പോരാടുന്നുണ്ടെന്നും ശിവസേന മുഖപത്രം അഭിപ്രായപ്പെട്ടികുന്നു.

എന്‍സിപി നേതാവ് ശരദ് പവാര്‍ ദേശീയതലത്തില്‍ സ്വതന്ത്ര വ്യക്തിത്വമാണ്. ബംഗാളില്‍ മമതാ ബാനര്‍ജി ഒറ്റക്ക് പൊരുതുന്നു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് നില്‍ക്കണം. ശരദ് പവാര്‍ മാത്രമാണ് മമതാ ബാനര്‍ജിയെ പിന്തുണച്ചത്. എന്നാല്‍ ഇത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കണമെന്നും പത്രം അഭിപ്രായപ്പെട്ടിരുന്നു. 

click me!