കസ്റ്റഡിയിലെടുത്ത ജാമിയ മിലിയ വിദ്യാർത്ഥികളെ വിട്ടയച്ചു; ദില്ലിയിൽ സ്ഥിതിഗതികൾ ശാന്തമായി

By Web TeamFirst Published Dec 16, 2019, 6:53 AM IST
Highlights
  • പൊലീസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും പിൻവാങ്ങി
  • ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികളെ പൊലീസ് കേസൊന്നും രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചു

ദില്ലി: ദില്ലിയെ മണിക്കൂറുകളോളം യുദ്ധക്കളമാക്കിയ സമരങ്ങൾ ശാന്തമായി. ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികളെ പൊലീസ് കേസൊന്നും രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചു. ഇതേ തുടർന്ന് പൊലീസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും പിൻവാങ്ങി.

ഇന്നലെ വൈകുന്നേരമാണ് ദില്ലി അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായത്. ദില്ലി ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ പ്രദേശവാസികളായ ചിലരും പങ്കെടുത്തു. ഇവർ അക്രമം അഴിച്ചുവിടുകയായിരുന്നു. പത്തോളം വാഹനങ്ങൾ അഗ്നിക്കിരയാക്കി.

ഇവർ സർവ്വകലാശാലയിൽ പ്രവേശിച്ചെന്ന് ആരോപിച്ച് ദില്ലി പോലീസ് ജാമിയ മിലിയ സർവ്വകലാശാലയിൽ അനുവാദമില്ലാതെ കടന്നു. ഗേറ്റുകൾ അടച്ചൂപൂട്ടിയ ശേഷം വിദ്യാർത്ഥികളെയും പൊലീസുകാരെയും പൊലീസ് മർദ്ദിച്ചു. പൊലീസ് സംഘം ലൈബ്രറിക്കകത്ത് കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും വിദ്യാർത്ഥികൾ ആരോപിച്ചു.

പൊലീസ് വെടിയുതിർത്തതായും ആരോപണം ഉയർന്നിരുന്നു. ജാമിയ മിലിയ സർവ്വകലാശാലയിൽ പൊലീസ് അതിക്രമിച്ച് കടന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിച്ചതിനെതിരെ വിദ്യാർത്ഥികൾ സംഘടിച്ചെത്തി. ദില്ലി പൊലീസ് ആസ്ഥാനത്ത് പുലർച്ചെ നാല് മണി വരെ ഇവർ പ്രതിഷേധിച്ചു. പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കാനും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാനും പൊലീസ് തയ്യാറായി.

ജാമിയ സർവ്വകലാശാലയിലെ 67 വിദ്യാർത്ഥികളാണ് ദില്ലി പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഇവരെ കേസ് രജിസ്റ്റർ ചെയ്യാതെ തന്നെ വിട്ടയച്ചുവെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കിയത്.

അതേസമയം വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. യുവത്വത്തിന്റെ പ്രതിഷേധം ഭരണകൂടത്തിനുള്ള താക്കീതാണെന്നും യുവാക്കളുടെ ശബ്ദം കേൾക്കാതെ മോദിക്ക് മുൻപോട്ട് പോകാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

click me!