രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ 'വിവാഹ' പരാമർശം സഭയിൽ ചിരി പടർത്തി. എച്ച്.ഡി. ദേവഗൗഡയുടെ എൻഡിഎ സഖ്യത്തെ ലക്ഷ്യമിട്ട തമാശ കേട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിരിയടക്കാനാവാതെ ആസ്വദിച്ചു. 

ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കടുത്ത പോരാട്ടങ്ങൾക്കിടയിലും പരസ്പര ബഹുമാനത്തിന്റെയും തമാശയുടെയും വേറിട്ട നിമിഷങ്ങൾക്ക് രാജ്യസഭ ഇന്ന് സാക്ഷ്യം വഹിച്ചു. സഭയിൽ നിന്ന് വിരമിക്കുന്ന മുതിർന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ 'വിവാഹ' പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ മുഖത്ത് ചിരി പടര്‍ത്തി. മുൻ പ്രധാനമന്ത്രി എച്ച്ഡി. ദേവഗൗഡയും ബിജെപി നയിക്കുന്ന എൻഡിഎയും തമ്മിലുള്ള സഖ്യത്തെയായിരുന്നു ഖാർഗെ ലക്ഷ്യം വെച്ചത്. 'എനിക്ക് എച്ച്.ഡി. ദേവഗൗഡയെ 54 വർഷത്തിലേറെയായി അറിയാം. ഞങ്ങൾ ഒരുമിച്ച് ഒരുപാട് കാലം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല,' എന്ന് ഖാർഗെ പറഞ്ഞു.

സഭ ഒന്നടങ്കം കാതോർത്ത ആ നിമിഷം ഖാർഗെ ഇങ്ങനെ പറഞ്ഞു അദ്ദേഹം പ്രേമിച്ചത് ഞങ്ങളെയിരുന്നു, പക്ഷേ വിവാഹം കഴിച്ചത് മോദി സാഹിബിനെയാണ്. "വോ മൊഹബത്ത് ഹമാരെ സാത്ത് കിയെ, ഷാദി മോദി സാഹിബ് കെ സാത്ത്'. ഈ തമാശ കേട്ടതോടെ സഭയിലുടനീളം ചിരി പടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിരിയടക്കാനാവാതെ ഖാർഗെയുടെ തമാശ ആസ്വദിക്കുന്ന കാഴ്ചയാണ് കണ്ടത്. രാജ്യത്തെ സേവിക്കാനുള്ള ആവേശമുള്ളവർ രാഷ്ട്രീയത്തിൽ ഒരിക്കലും തളരുകയോ വിരമിക്കുകയോ ഇല്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

ഖാർഗെക്ക് പിന്നാലെ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, വിരമിക്കുന്ന അംഗങ്ങളുടെ സംഭാവനകളെ പ്രശംസിച്ചു. ‘രാഷ്ട്രീയത്തിൽ ഒരിക്കലും ഒരു ഫുൾസ്റ്റോപ്പില്ല’ എന്നായിരുന്നു മോദിയുടെ പ്രധാന പരാമർശം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ എച്ച്ഡി ദേവഗൗഡ, മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ തുടങ്ങിയ മുതിർന്ന നേതാക്കളിൽ നിന്ന് കാര്യങ്ങൾ പഠിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്വന്തം ജീവിതത്തിന്റെ പകുതിയിലധികം പാർലമെന്ററി പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചവരാണ് ഇവരെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സഭയിൽ പല വിഷയങ്ങളിലും തർക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, ഇത്തരം നിമിഷങ്ങളിൽ പാർട്ടികൾക്ക് അതീതമായ ഒരു ബഹുമാനം അംഗങ്ങൾക്കിടയിൽ രൂപപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവഗൗഡയ്‌ക്കൊപ്പം രാംദാസ് അത്താവാലെ, പ്രിയങ്ക ചതുർവേദി, അഭിഷേക് മനു സിങ്‌വി, തിരുച്ചി ശിവ തുടങ്ങി 37 പ്രമുഖ അംഗങ്ങളാണ് ഇന്ന് സഭയുടെ പടിയിറങ്ങുന്നത്.