
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രം. പാര്‍ലമെന്‍റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനുമാവില്ലെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. പ്രമേയത്തിനെതിരായ അവകാശ ലംഘന നോട്ടീസില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയതില്‍ കേന്ദ്രത്തിന് കടുത്ത അതൃപ്തിയുണ്ട്. കേരളത്തിന് പുറമെ പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും സമാന നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് നിയമ മന്ത്രി നിലപാട് കടുപ്പിക്കുന്നത്. കേരളത്തിന്‍റെ നടപടി ഞെട്ടിച്ചുവെന്നു പറഞ്ഞ മന്ത്രി രവിശങ്കര്‍ പ്രസാദ് ഭരണഘടനയെ വെല്ലുവിളിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി.
എതിര്‍പ്പ് ശക്തമാകുന്ന സാഹചര്യത്തില്‍ പൗരത്വ വിവര ശേഖരണത്തില്‍ സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കുന്നതിന് നടപടികള്‍ ഓണ്‍ലൈനാക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും, രേഖകള്‍ പരിശോധിക്കുന്നതിനുമായി സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സര്‍വ്വേക്ക് ഒരു രേഖയും ഹാജരാക്കേണ്ടതില്ലെന്നും വ്യക്തികള്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ട്വിറ്ററില്‍ ആവര്‍ത്തിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ആവശ്യത്തില്‍ കേന്ദ്രം ദേശീയ അന്വേഷണ ഏജന്‍സിയോട് വിശദാംശങ്ങള്‍ ആരാഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam