'ഇന്ത്യക്കെതിരായ അക്രമങ്ങൾ സമാധാനമുണ്ടാക്കില്ല', മോദി ട്രംപിനോട് ഫോണിൽ സംസാരിച്ചു

By Web TeamFirst Published Aug 19, 2019, 10:43 PM IST
Highlights

'പാകിസ്ഥാൻ' എന്ന പേര് എടുത്തുപറഞ്ഞില്ലെങ്കിലും മേഖലയിലെ പല നേതാക്കളുടെയും ഇന്ത്യാ വിരുദ്ധ പ്രസ്താവനകളും അക്രമങ്ങളും സമാധാനം വളർത്താൻ സഹായകമാകില്ലെന്ന് മോദി. 

ദില്ലി: ഇന്ത്യാവിരുദ്ധ പ്രസ്താവനകളും അക്രമങ്ങളും മേഖലയിൽ സമാധാനമുണ്ടാക്കാൻ സഹായകമാവില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീർ വിഭജനത്തിനും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മിൽ നേരിട്ട് സംസാരിക്കുന്നത്. പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ലെന്നും ട്രംപിനോട് മോദി വ്യക്തമാക്കി.

അരമണിക്കൂറാണ് ഇരുവരും ഫോണിൽ സംസാരിച്ചത്. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാൻ പല അന്താരാഷ്ട്രവേദികളിലും പ്രശ്നമുന്നയിക്കാൻ ശ്രമിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രശ്നം ചർച്ച ചെയ്ത ശേഷം, ഇന്ത്യയും പാകിസ്ഥാനും കശ്മീർ പ്രശ്നം ഉഭയകക്ഷിചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് ആവ‍ർത്തിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽക്കൂടിയാണ് പ്രധാനമന്ത്രി പ്രസിഡന്‍റ് ട്രംപിനോട് സംസാരിക്കുന്നത്. 

ഉഭയകക്ഷി തർക്കങ്ങൾക്ക് പുറമേ, ഇരുനേതാക്കളും മേഖലയിലെ സമാധാനാന്തരീക്ഷത്തെക്കുറിച്ചും സംസാരിച്ചു. ''തുടർച്ചയായി ഇന്ത്യാവിരുദ്ധ നിലപാടുകളും പ്രസ്താവനകളും അക്രമങ്ങളും നടക്കുന്നത് മേഖലയിൽ സമാധാനമുണ്ടാക്കാൻ സഹായകമാകില്ല'', മോദി വ്യക്തമാക്കി. 'പാകിസ്ഥാൻ' എന്ന പേര് എടുത്തുപറഞ്ഞില്ലെങ്കിലും മേഖലയിലെ പല നേതാക്കളുടെയും ഇന്ത്യാ വിരുദ്ധ പ്രസ്താവനകളും അക്രമങ്ങളും പ്രകോപനപരമാണെന്ന് വ്യക്തമാക്കുകയാണ് പ്രധാനമന്ത്രി. 

''ഭീകരവാദവും അക്രമവുമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാൻ അതിർത്തി കടന്നുള്ള തീവ്രവാദികളുടെ പരിശീലനവും അക്രമങ്ങളും അവസാനിക്കണം'', മോദി പറഞ്ഞതായി വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു. 

നേരത്തേ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചയിൽ മാധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്‍റെ പ്രസ്താവന. പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോടാവശ്യപ്പെട്ടതായും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രവിദേശകാര്യമന്ത്രാലയം ഈ വെളിപ്പെടുത്തൽ പൂർണമായും നിഷേധിച്ചു. കശ്മീർ പ്രശ്നം ഉഭയകക്ഷിപ്രകാരം മാത്രമേ പരിഹരിക്കാനാകൂ എന്നും, മൂന്നാമതൊരാൾ ഇതിനിടയിലുണ്ടാകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാക് - അമേരിക്ക ചർച്ചകൾ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മേഖലയിലെ സമാധാനത്തിന് ഭീഷണികളുണ്ടെന്ന് ഇമ്രാൻ വൈറ്റ് ഹൗസിനെ അറിയിച്ചുവെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. 

ഇന്നലെ ഇന്ത്യക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ച് ഇമ്രാൻ ഖാൻ ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, നിലപാട് കടുപ്പിക്കുകയാണ് ഇന്ത്യ. ആണവായുധം ആദ്യം പ്രയോഗിക്കില്ല എന്ന നിലപാടിൽ നിന്ന് ഇന്ത്യയ്ക്ക് പിറകോട്ട് പോകാൻ അവകാശമുണ്ടെന്ന് രാജ്‍നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ഇനി ചർച്ച പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമെന്നും രാജ്‍നാഥ് വ്യക്തമാക്കിയിരുന്നു. അതേസമയം, കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞത് ഇനി പാക് അധീനകശ്മീരിനെ മോചിപ്പിക്കുമെന്നാണ്. 1947- മുതൽ ഈ പ്രദേശം പാകിസ്ഥാന് കീഴിലാണ്. 

click me!