'അനൂജ് എഴുന്നേൽക്കൂ, പൊലീസാണ്': തട്ടിക്കൊണ്ടുപോയി ബന്ദിയാക്കപ്പെട്ട യുവാവിന് ജന്മദിനത്തിൽ നാടകീയ മോചനം, വീഡിയോ

Published : Aug 28, 2024, 02:31 PM ISTUpdated : Aug 28, 2024, 02:35 PM IST
'അനൂജ് എഴുന്നേൽക്കൂ, പൊലീസാണ്': തട്ടിക്കൊണ്ടുപോയി ബന്ദിയാക്കപ്പെട്ട യുവാവിന് ജന്മദിനത്തിൽ നാടകീയ മോചനം, വീഡിയോ

Synopsis

തട്ടിക്കൊണ്ടുപോയവർ 20 ലക്ഷം രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്.

ജയ്പൂർ: രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഹിമാചൽ പ്രദേശിൽ ബന്ദിയാക്കപ്പെട്ട യുവാവിന് ജന്മദിനത്തിൽ നാടകീയ മോചനം. ജയ്പൂർ പൊലീസാണ് യുവാവിനെ കണ്ടെത്തി രക്ഷിച്ചത്. "അനൂജ്, എഴുന്നേൽക്കൂ മകനേ, ജയ്പൂർ പോലീസാണ്. സമാധാനമായിരിക്ക്, ഞങ്ങളിവിടെയുണ്ട്" എന്ന വാക്കുകൾ കേട്ട് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന യുവാവിന്‍റെ വീഡിയോ പൊലീസ് ചിത്രീകരിച്ചു. 

ആഗസ്റ്റ് 18ന് സുഹൃത്തിനൊപ്പം ജയ്പൂരിലെ നഹർഗഡ് ഹില്ലിലേക്ക് പോയപ്പോഴാണ് അനൂജിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് കമ്മീഷണർ ബിജു ജോർജ്ജ് ജോസഫ് പറഞ്ഞു. അനൂജിനെ സംഘം വായ പൊത്തി കൈകാലുകൾ കെട്ടി ബലമായി വാഹനത്തിൽ കയറ്റി. അനൂജിന്‍റെ സുഹൃത്തിനെ മർദിച്ച ശേഷം റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ജയ്പൂരിലെ ബ്രഹ്മപുരി പോലീസ് സ്ഥലത്തെത്തി. ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും അനൂജിനെ കണ്ടെത്താനായില്ല. തുടർന്ന് പല സംഘങ്ങളായി പൊലീസ് അന്വേഷണം തുടങ്ങി. 

അതിനിടെ തട്ടിക്കൊണ്ടുപോയവർ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അനൂജിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടു. ഇത്രയും ഭീമമായ തുക കയ്യിൽ ഇല്ലാതിരുന്നതിനാൽ വീട്ടുകാർ കുറച്ചു സമയം ആവശ്യപ്പെട്ടു. അതിനിടെ പോലീസ്, തട്ടിക്കൊണ്ടുപോയവർ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തി. പിടിക്കപ്പെടാതിരിക്കാൻ ഇവർ സ്ഥലം മാറിക്കൊണ്ടിരുന്നു. ഒടുവിൽ, കൽക്ക - ഷിംല എക്സ്പ്രസ് ട്രെയിനിന്‍റെ അവസാന ബോഗിയിൽ പണം എത്തിക്കാൻ അവർ കുടുംബത്തിന് നിർദ്ദേശം നൽകി. തുടർന്ന് ഇവരെ പിടികൂടാൻ വൻ പൊലീസ് സംഘത്തെ വിന്യസിച്ചു. 

അതിനിടെ ധരംപൂർ റെയിൽവേ സ്റ്റേഷന് സമീപം പണമടങ്ങിയ ബാഗ് വെയ്ക്കാൻ തട്ടിക്കൊണ്ടുപോയവർ അനൂജിന്‍റെ കുടുംബത്തോട് ആവശ്യപ്പെട്ടു. സ്ഥലത്തു നിന്നും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൂട്ടുപ്രതികൾ പിടിയിലായത്. തുടർന്ന് പോലീസ് അനൂജിനെ പൂട്ടിയിട്ട ഹിമാചൽ പ്രദേശിലെ ഹോട്ടൽ മുറി കണ്ടെത്തി. തട്ടിക്കൊണ്ടുപോയവരിൽ ഒരാൾ അനൂജിനൊപ്പം ഈ മുറിയിൽ ഉണ്ടായിരുന്നു. ഇവിടെ നിന്ന്  നാല് പുരുഷന്മാരെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തു. വീരേന്ദ്ര സിംഗ്, വിനോദ്, അമിത് കുമാർ, ജിതേന്ദ്ര ഭണ്ഡാരി, ജമുന സർക്കാർ എന്നിവരാണ് അറസ്റ്റിലായത്. 

സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വീരേന്ദ്ര സിംഗ് ആണ് തട്ടിക്കൊണ്ടുപോകലിന്‍റെ സൂത്രധാരൻ എന്ന് പൊലീസ് പറഞ്ഞു. ബിസിനസ്സിൽ നഷ്ടമുണ്ടായതോടെയാണ് സുഹൃത്തുക്കളായ അമിത് കുമാറിനെയും വിനോദ് സിംഗിനെയും ജമുന സർക്കാരിനെയും മറ്റുള്ളവരെയും ഉൾപ്പെടുത്തി അനൂജിനെ തട്ടിക്കൊണ്ടുപോയത്.

കഫേയിലെ ഗ്ലാസ് മേശയുടെ മുകളിലിരുന്നു, ഇറങ്ങാൻ പറഞ്ഞപ്പോൾ തോക്കെടുത്ത് വെടിയുതിർത്തു; അഞ്ച് യുവാക്കൾ പിടിയിൽ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി