
കൊല്‍ക്കത്ത: ഇന്‍റിഗോ വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പോകുന്നതിന് പകരം പുലര്‍ച്ചെയുള്ള മറ്റൊരു വിമാനം തെരഞ്ഞെടുത്ത് സിനിമാ സംവിധായകന്‍ അനുരാഗ് കശ്യപ്. ഇന്‍റിഗോ, എയര്‍ ഇന്ത്യ, ഗോ എയര്‍, സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങളില്‍ പറക്കില്ലെന്ന് നിലപാടെടുത്തിരിക്കുകയാണ് അനുരാഗ് കശ്യപ്. സ്റ്റാന്‍റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയെ വിലക്കിയതിനെത്തുടര്‍ന്നാണ് കശ്യപ് ഇത്തരമൊരു നിലപാടെടുത്തത്.
അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വച്ച് അപമാനിച്ചുവെന്ന് ആരോപിച്ച് നാല് വിമാനക്കമ്പനികള്‍ കുനാല്‍ കമ്രയെ വിലക്കിയിരുന്നു. ''എനിക്ക് പുലര്‍ച്ചെ നാല് മണിക്ക് പോകണം. പക്ഷേ ഞാന്‍ ഇന്‍റിഗോയില്‍ പറക്കില്ല'' കശ്യപ് ടെലിഗ്രാഫിനോട് പറഞ്ഞു. വിസ്താരയിലാണ് കശ്യപ് കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്തത്.
കൊല്‍ക്കത്തയില്‍ നടക്കുന്ന ഒരു ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനത്തിനാണ് അദ്ദേഹം യാത്ര ചെയ്തത്. ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം തന്‍റെ നിലപാടും കുനാല്‍ കമ്രയ്ക്കുള്ള പിന്തുണയും വ്യക്തമാക്കി. കമ്രയെ വിലക്കിയ നടപടിയെ ശക്തമായി വിമര്‍ശിച്ചാണ് സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയത്.
സംഭവം നടന്ന രീതികൊണ്ട് ഞാന്‍ അത്തരമൊരു തീരുമാനമെടുത്തു. ഒരു മന്ത്രി പറയുന്നു, എയര്‍ ഇന്ത്യയില്‍ പറക്കാന്‍ കുനാല്‍ കമ്രയെ അനുവദിക്കില്ലെന്ന്, മറ്റ് വിമാനകമ്പനികളും നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന്. വിമാനക്കമ്പനികളെല്ലാം സര്‍ക്കാരിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഒരു ഔദ്യോഗിക ഉത്തരവുമില്ലാതെ, ഒരു അന്വേഷണവുമില്ലാതെ, അവര്‍ ആ മനുഷ്യനെ നിരോധിച്ചു. പൈലറ്റുമാരോട് സംസാരിക്കണമെന്നുകൂടി അവര്‍ ഓര്‍ത്തില്ല. ഇത് ധിക്കാരമാണ്. കുനാല്‍ കമ്രയുടെ വിലക്ക് നീക്കുന്നതുവരെ ഈ നാല് കമ്പനിയുടെ വിമാനത്തിലും ഞാന്‍ കയറില്ല'' - കശ്യപ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam