'പ്രധാനമന്ത്രി ദുരിതാശ്വാസ നിധി കുടുംബ ഫണ്ടാക്കി', നെഹ്റു കുടുംബത്തിനെതിരെ അനുരാഗ് താക്കൂര്‍, ഒടുവിൽ മാപ്പ്

By Web TeamFirst Published Sep 18, 2020, 6:45 PM IST
Highlights

'ആരാണീ ചെക്കൻ' എന്ന പരാമർശവുമായി കോൺഗ്രസ് അംഗം അധിരഞ്ജൻ ചൗധരി തിരിച്ചടിച്ചതോടെ സഭയിൽ ബഹളമായി.

ദില്ലി: കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ നെഹ്റു കുടുംബത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ ചൊല്ലി ലോക്സഭ സ്തംഭിച്ചു. പ്രധാനമന്ത്രി ദുരിതാശ്വാസനിധി സോണിയഗാന്ധിയുടെ കുടുബത്തിൻറെ നിയന്ത്രണത്തിലാക്കിയത് അന്വേഷിക്കണമെന്ന പരാമർശത്തിലായിരുന്നു കോൺഗ്രസ് ബഹളം. തൃണമൂൽ കോൺഗ്രസ് എംപി സ്പീക്കർ പക്ഷപാതം കാട്ടുന്നു എന്നാരോപിച്ചതും സഭയെ പ്രക്ഷുബ്ധമാക്കി.

നികുതി ഭേഗഗതി ബില്ലിൻറെ ചർച്ചയ്ക്കിടെയാണ് പിഎം കെയേഴ്സ് ഫണ്ടിൻറെ പേരിൽ കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂറും കോൺഗ്രസ് അംഗങ്ങളും ഏറ്റുമുട്ടിയത്. ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി ദുരിതാശ്വാസ നിധി ഫണ്ടുണ്ടാക്കിയത്.  രജിസ്റ്റർ പോലും ചെയ്യാതെ കുടുംബ ഫണ്ടായാണ് ഉപയോഗിച്ചതെന്ന് അനുരാഗ് താക്കൂർ ആരോപിച്ചു.

'ആരാണീ ചെക്കൻ' എന്ന പരാമർശവുമായി കോൺഗ്രസ് അംഗം അധിരഞ്ജൻ ചൗധരി തിരിച്ചടിച്ചതോടെ സഭയിൽ ബഹളമായി. ഇതാദ്യമായ കേരളത്തിലെ എംപിമാർ ഉൾപ്പടെയുള്ളവർ നടുത്തളത്തിൽ ഇറങ്ങി. കൊവിഡ് മാനദണ്ഡം പാലിക്കണം എന്ന് സ്പീക്കർ നിർദ്ദേശിച്ചപ്പോൾ പക്ഷപാതം കാട്ടുകയാണെന്ന് തൃണമൂൽ അംഗം കല്ല്യാൺ ബാനർജി ആരോപിച്ചു. ഇതേ ചൊല്ലിയുള്ള ബഹളം കാരണം സഭ പല തവണ നിറുത്തി വച്ചു. ആർക്കെങ്കിലും പരാമർശം വേദനയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന് അനുരാഗ് താക്കൂറും സ്പീക്കറുടെ നിർദ്ദേശങ്ങളോട് സഹകരിക്കാമെന്ന് അധിർരഞ്ജൻ ചൗധരിയും പറഞ്ഞതോടെയാണ് പ്രശ്നം അവസാനിച്ചത്.

click me!