പൗരത്വ നിയമഭേദഗതിയുടെ പേരിൽ അണ്ണാ ഡിഎംകെയിൽ പൊട്ടിത്തെറി

By Web TeamFirst Published Jan 3, 2020, 3:30 PM IST
Highlights
  • മന്ത്രി നീലോഫർ കഫീലും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു
  • പിഎംകെയ്ക്ക് പുറമെ മുതിർന്ന നേതാക്കൾ കൂടി രംഗത്തെത്തിയതോടെ അണ്ണാ ഡിഎംകെ നേതൃത്വം പ്രതിരോധത്തിലായി

ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയിൽ പൊട്ടിത്തെറി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം പൗരത്വ ഭേദഗതി നിയമത്തിൽ സ്വീകരിച്ച നിലപാടാണെന്ന് മുതിർന്ന നേതാവും മുൻ എംപിയുമായ അൻവർ രാജ വിമർശിച്ചു.

അണ്ണാ ഡിഎംകെ മന്ത്രിസഭയിലെ ന്യൂനപക്ഷ സമുദായാംഗമായ മന്ത്രി നിലോഫർ കഫീലും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. പിഎംകെയ്ക്ക് പുറമെ മുതിർന്ന നേതാക്കൾ കൂടി രംഗത്തെത്തിയതോടെ അണ്ണാ ഡിഎംകെ നേതൃത്വം പ്രതിരോധത്തിലായി. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് അൻവർ രാജ അഭിപ്രായപ്പെട്ടത്.

തമിഴ്നാട്ടിലെ തദ്ദേശഭരണ സ്ഥാനപങ്ങളിലേക്ക്  നടന്ന തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷി വൻ വിജയം നേടുന്ന പതിവ് തിരുത്തിയാണ് തമിഴ്നാട് ഇത്തവണ വിധിയെഴുതിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഗതി വ്യക്തമാക്കുന്ന ഫലമായാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.

മുഖ്യമന്ത്രി പളനിസാമിയുടെ നാടായ എടപ്പാടിയിലടക്കം അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്തുകളിലെ 515ൽ 237 വാർഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലെ 5067 വാർഡുകളിൽ 2285 വാർഡുകളും ഡിഎംകെ വിജയിച്ചു. വൻ വിജയം നേടിയത് ഡിഎംകെ ക്യാമ്പിന് നൽകുന്നത് മികച്ച ആത്മവിശ്വാസമാണ്. 

click me!