
ഹൈദരാബാദ്: പുതുതായി രൂപീകരിച്ച ജില്ലയ്ക്ക് അംബേദ്ക്കറുടെ പേര് നല്‍കിയതിന്‍റെ പേരില്‍ ആന്ധ്രപ്രദേശില്‍ അമലപുരം ടൗണിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാര്‍ ആന്ധ്ര ഗതാഗത മന്ത്രിയുടെയും, എംഎല്‍എയുടെയും വീടുകള്‍ക്ക് തീയിട്ടു. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. പുതുതായി രൂപീകരിച്ച കൊനസീമ ( Konaseema) ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പേര് നല്‍കിയതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.
ഏപ്രിൽ 4നാണ് കൊനസീമ ജില്ല രൂപീകരിച്ച് ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ ആഴ്ച, കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കി. ഇത് പ്രഥമിക വിജ്ഞാപനമാണ് എതിർപ്പുകൾ ഉണ്ടെങ്കിൽ അറിയിക്കാൻ ജനങ്ങളിൽനിന്ന് അഭിപ്രായം തേടുന്നതായും ഉത്തരവിലുണ്ട്. ഏപ്രില്‍ 14 അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാര്‍ ജില്ലയുടെ പേര് മാറ്റുന്ന വിജ്ഞാപനം ഇറക്കിയത്.
പ്രതിഷേധക്കാർ പൊലീസ് വാഹനവും സ്കൂള്‍ ബസും കത്തിച്ചു. കല്ലേറിൽ നിരവധി പൊലീസുകാർക്കു പരുക്കേറ്റു. 20ലധികം പൊലീസുകാർക്കു പരിക്കുപറ്റിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി തനേതി വനിത പറഞ്ഞു.
കൊനസീമ പരിരക്ഷണ സമിതിയും കൊനസീമ സാധന സമിതിയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗതാഗത മന്ത്രിയുടെ വീട്ടിലെത്തി അദ്ദേഹത്തെ നേരിട്ടുകണ്ട് കാര്യങ്ങൾ പറയാനാണ് പ്രതിഷേധക്കാർ റാലിയായി എത്തിയത്. എന്നാൽ അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. ഇതേത്തുടർന്ന് അക്രമാസക്തരായ പ്രതിഷേധക്കാർ വീടിനു തീയിടുകയായിരുന്നു. വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ചില വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്.
വീട്ടിലെ സാധനങ്ങൾ എല്ലാം കത്തി നശിച്ചു. വീട്ടിലെ ഗ്യാസ് സിലിൻഡറും പൊട്ടിത്തെറിച്ചു. വീടിനെച്ചുറ്റി പുക നിന്നതിനാൽ പൊലീസിനും അഗ്നിരക്ഷാ സേനയ്ക്കും ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടിരുന്നു.