'കേന്ദ്രനയങ്ങൾക്കൊപ്പം സുപ്രീംകോടതി നിൽക്കുന്നു'; ആർ ബിന്ദുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അപേക്ഷ

By Web TeamFirst Published Nov 26, 2022, 7:37 PM IST
Highlights

കേന്ദ്ര നയങ്ങള്‍ക്കൊപ്പം സുപ്രീംകോടതി നില്‍ക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അപേക്ഷ.

തിരുവനന്തപുരം: കേന്ദ്ര നയങ്ങള്‍ക്കൊപ്പം സുപ്രീംകോടതി നില്‍ക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അപേക്ഷ. ബി ജെ പി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിക്ക് അപേക്ഷ നല്‍കിയത്.

നവംബര്‍ പതിനെട്ടിന് മന്ത്രി കൊച്ചിയില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെയാണ് നടപടി ആവശ്യപ്പെട്ടുള്ള അപേക്ഷ.'സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം. എസിന്റെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരേവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നടത്തിയ അഭിപ്രായപ്രകടനം സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്ന് അറ്റോര്‍ണി ജനറലിന് നല്‍കിയ അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.  അറ്റോര്‍ണി ജനറലിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സുപ്രീം കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കഴിയൂ.

സുപ്രീംകോടതി പോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് വേണം വിധിയിലൂടെ മനസ്സിലാക്കാനെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുന്നതിനായി കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് നമ്മുടെ ബഹുസ്വരതയെ തകര്‍ക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നയത്തിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും മന്ത്രി പറഞ്ഞു. 

Read more:  അമിത് ഷായുടെ വിവാദപരാമർശത്തിനെതിരെ സീതാറാം യെച്ചൂരി: 'തെരഞ്ഞെടുപ്പ് കമ്മീഷൻ കാഴ്ച്ചക്കാർ മാത്രം'

ഇതിനെതിരെ മാധ്യമ വാര്‍ത്തകളുടെ റിപ്പോര്‍ട്ടുകളടക്കമാണ് സന്ദീപ് വാര്യര്‍ സുപ്രീംകോടതിയെ സമീപിക്രാൻ ഒരുങ്ങുന്നത്. മന്ത്രി ബിന്ദുവിന്‍റെ  പ്രസ്താവന സുപ്രീം കോടതിയെ ഇകഴ്ത്തിക്കാണിക്കുന്നതും തികഞ്ഞ അനാദരവും അവഹേളനവുമാണ്. മന്ത്രിയുടെ കോടതി അലക്ഷ്യ പ്രസ്താവനക്കെതിരെ അഭിഭാഷകൻ അഡ്വ രഞ്ജിത്ത് മാരാർ മുഖേനയാണ് സുപ്രീം കോടതിയെ സമീപിക്കുകയെന്നും  അഡ്വക്കേറ്റ് ജനറലിന്‍റെ  അനുമതിക്കായി നടപടി ആരംഭിച്ചുവെന്നും അദ്ദേഹം നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. .

click me!