അമിത് ഷായുടെ വിവാദപരാമർശത്തിനെതിരെ സീതാറാം യെച്ചൂരി: 'തെരഞ്ഞെടുപ്പ് കമ്മീഷൻ കാഴ്ച്ചക്കാർ മാത്രം'

Published : Nov 26, 2022, 07:11 PM IST
അമിത് ഷായുടെ വിവാദപരാമർശത്തിനെതിരെ സീതാറാം യെച്ചൂരി: 'തെരഞ്ഞെടുപ്പ് കമ്മീഷൻ കാഴ്ച്ചക്കാർ മാത്രം'

Synopsis

ഗുരുതര പരാമർശം അമിത് ഷാ നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ പതിവു പോലെ കാഴ്ചക്കാരാണെന്നും 2002 ൽ ഗുജറാത്തിൽ നടന്നത് സംസ്ഥാനത്തെയും ഇന്ത്യയെയും വേദനിപ്പിക്കുന്നതാണെന്നും യെച്ചൂരി പറഞ്ഞു. 

ദില്ലി: 2002 ൽ ഗുജറാത്തിലെ കലാപകാരികളെ പാഠം പഠിപ്പിച്ച് ബിജെപി സമാധാനം സ്ഥാപിച്ചു എന്ന അമിത്ഷായുടെ പരാമർശത്തിനെതിരെ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 

അമിത് ഷായുടെ പരാമർശം അപലപനീയമെന്ന് യെച്ചൂരി പറഞ്ഞു.ഗുജറാത്തിലെ കൂട്ടക്കൊലകളെ ന്യായീകരിക്കുന്നതാണ് അമിത് ഷായുടെ പരാമർശം. തെരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷം വളർത്താൻ ആണ് ഇതിലൂടെ ബിജെപിയും അമിത് ഷായും ലക്ഷ്യമിടുന്നത്. ക്രൂരമായ അക്രമത്തിന്റെ വംശഹത്യ പ്രചാരണത്തിലൂടെ പാഠം പഠിപ്പിക്കുകയല്ല സർക്കാരിൻറെ ജോലി. ഇത്രയും ഗുരുതര പരാമർശം അമിത് ഷാ നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ പതിവു പോലെ കാഴ്ചക്കാരാണെന്നും 2002 ൽ ഗുജറാത്തിൽ നടന്നത് സംസ്ഥാനത്തെയും ഇന്ത്യയെയും വേദനിപ്പിക്കുന്നതാണെന്നും യെച്ചൂരി പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തിലും  ദാഹോദിലെ ജലോദിലും ബറൂച്ചിലെ വഗ്രയിലും നടത്തിയ തെര‍ഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ 2002 ലെ ഗുജറാത്ത് കലാപത്തെ അമിത് ഷാ ഓര്‍മ്മിപ്പിച്ചിരുന്നു. ഈ കലാപത്തിന് പിന്നാലെ സംസ്ഥാനത്തെ അക്രമികളെ അടിച്ചമര്‍ത്തിയെന്നും  സമാധാനം കൊണ്ടുവന്നെന്നുമാണ് അമിത് ഷാ പ്രസംഗിച്ചത്. 2002 ലെ കലാപത്തില്‍ ബിജെപി അക്രമികളെ പാഠം പഠിപ്പിച്ചെന്നും പന്നീട് 2022 വരെ കലാപകാരികള്‍ തലയുയര്‍ത്താന്‍ ശ്രമിച്ചില്ലെന്നും  തന്‍റെ പാര്‍ട്ടിയായ ബിജെപി, ഗുജറാത്തില്‍ ശാശ്വത സമാധാനം കൊണ്ടുവന്നെന്നും അവകാശപ്പെട്ടിരുന്നു. 2002-ൽ അവരെ പാഠം പഠിപ്പിച്ചതിന് ശേഷം ഈ കലാപകാരികള്‍ അക്രമത്തിന്‍റെ പാത വിട്ടു. 2002 മുതൽ 2022 വരെ അക്രമത്തിൽ ഏർപ്പെടുന്നതിൽ നിന്ന് അവര്‍ വിട്ടുനിന്നുവെന്നും കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. “2001 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നു. 2002 ന് ശേഷം എവിടെയും കർഫ്യൂ ഏർപ്പെടുത്തേണ്ട ആവശ്യമുണ്ടായില്ല. ഇപ്പോൾ ഒരു മാഫിയ ഉണ്ടോ? ഒരു ദാദ (ഗുണ്ടാസംഘം) ഉണ്ടോ?" എന്നായിരുന്നു നവംബർ 22 ന് ബനസ്‌കന്ത ജില്ലയിലെ ദീസയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ അമിത് ഷാ ചോദിച്ചത്. 

2002-ൽ, കർസേവകർ സഞ്ചരിക്കുകയായിരുന്ന സബർമതി എക്സ്പ്രസിന്‍റെ കോച്ചിന് ഗോധ്രയിൽ വച്ച് തീയിട്ടതിന് പിന്നാലെയാണ് ഗുജറാത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടായത്. പിന്നാലെ ദിവസങ്ങളോളും ഗുജറാത്ത് കലാപ ഭൂമിയായി മാറി.  കലാപത്തില്‍ 1,044 പേര്‍ കൊല്ലപ്പെട്ടു. 233 പേരെ കാണാതായി. 2,500 പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് ഔദ്ധ്യോഗിക കണക്ക്. എന്നാല്‍, മരണസംഖ്യ ഇതിലും ഇരട്ടിയാണെന്ന് പല മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ആരോപിച്ചിരുന്നു. 

നേരത്തെ അമിത് ഷായ്ക്കെതിരെ പോര്‍മുഖം തുറന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്ത് എത്തിയിരുന്നു. “എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്.  ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ നിങ്ങൾ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം, ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ നിങ്ങൾ മോചിപ്പിക്കും. അഹ്‌സൻ ജാഫ്രി കൊല്ലപ്പെടും... നിങ്ങളുടെ ഏത് പാഠങ്ങളാണ് ഞങ്ങൾ ഓർക്കുക?" - ഒവൈസി ചോദിച്ചു. ആഭ്യന്തര മന്ത്രി പറയുന്നത് അവര്‍ ഒരു പാഠം പഠിപ്പിച്ചുവെന്നാണ്. അമിത് ഷാ സാഹബ് ദില്ലി വംശീയ കലാപത്തില്‍ നിങ്ങള്‍ ഏത് പാഠമാണ് പഠിപ്പിച്ചതെന്നും ഒവൈസി ചോദിച്ചു. 

'2002 ൽ കലാപകാരികളെ പാഠം പഠിപ്പിച്ചു... ബിജെപി ഗുജറാത്തിൽ ശാശ്വത സമാധാനം കൊണ്ടുവന്നു: അമിത് ഷാ

PREV
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി