ഇതുവരെ നഷ്ടത്തിലോടി; ഇനി തൊഴിലാളിക്ഷേമത്തിന്‍റെ 'ആന്ധ്രാ മോഡല്‍'

By Web TeamFirst Published Sep 5, 2019, 5:27 PM IST
Highlights

ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്  6373 കോടി രൂപ ബാധ്യതയുണ്ടായിരുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ വിരമിച്ചവർക്ക് പെൻഷന്‍ നല്‍കാനോ കോര്‍പ്പറേഷന് പണമുണ്ടായിരുന്നില്ല

ബംഗളൂരു: കനത്ത സാമ്പത്തികനഷ്ടത്തിലായിരുന്ന ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഇനി സർക്കാർ സ്ഥാപനം.   ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഇനി സർക്കാർ സ്ഥാപനം. കോർപ്പറേഷനെ സർക്കാരിൽ ലയിപ്പിക്കാനുളള തീരുമാനത്തിന് ആന്ധ്രാ മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ അര ലക്ഷത്തോളം തൊഴിലാളികൾ  സർക്കാർ ജീവനക്കാരായി മാറി. 

നഷ്ടക്കണക്ക് മാത്രം പറയാനുണ്ടായിരുന്ന ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്  6373 കോടി രൂപ ബാധ്യതയുണ്ടായിരുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ വിരമിച്ചവർക്ക് പെൻഷന്‍ നല്‍കാനോ കോര്‍പ്പറേഷന് പണമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് തൊഴിൽ സുരക്ഷിത്വം തേടി എപിഎസ്ആർടിസിയിലെ ജീവനക്കാർ സമരം ചെയ്തത്. 

അധികാരത്തിലെത്തിയാൽ എപിഎസ്ആർടിസി സർക്കാരിൽ ലയിപ്പിക്കുമെന്ന്, തെരഞ്ഞെടുപ്പ് കാലത്ത് ജഗൻ മോഹൻ റെഡ്ഡി സമരം ചെയ്ത തൊഴിലാളികള്‍ക്ക് വാഗ്ദാനം നൽകി. അതാണിപ്പോൾ നടപ്പാവുന്നത്.  53261 തൊഴിലാളികൾ ഇനി സർക്കാർ ജീവനക്കാരാണ്. ഇവരുടെ വിരമിക്കൽ പ്രായം സർക്കാർ ജീവനക്കാരുടേത് പോലെ 58ൽ നിന്ന് 60 ആയി ഉയരും. എല്ലാ ആനുകൂല്യങ്ങളും  കിട്ടും.

ലയനം പഠിക്കാൻ നിയോഗിച്ച ആഞ്ജനേയ കമ്മിറ്റിയുടെ ശുപാർശകൾ എല്ലാം മന്ത്രിസഭ അംഗീകരിച്ചു.  ഇനി നിലവിൽ വരുന്ന പൊതുഗതാഗത വകുപ്പിന് പ്രത്യേക ബജറ്റ് വിഹിതം ഉണ്ടാകും. മൂന്ന് മാസത്തിനുളളിൽ ലയന നടപടികൾ പൂർത്തിയാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം.  എപിഎസ്ആർടിസിയിലെ  നഷ്ടം നികത്തുകയാണ് സർക്കാരിന് വെല്ലുവിളി. സർക്കാർ സ്ഥാപനം ആകുന്നതോടെ ഇന്ധനം വാങ്ങുന്നതിലുളള നികുതി ഒഴിവാകുന്നത് നേട്ടമാകും. കൂടുതൽ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

click me!