
ബംഗളുരു: ഹെൽമറ്റ് ഇല്ലാത്തവരെയെല്ലാം പിടിച്ചുനിർത്തി ഫൈനടിക്കുന്ന പൊലീസുകാരന് ഒടുവിൽ പണികൊടുത്ത് നാട്ടുകാർ. പരിശോധനയും കഴിഞ്ഞ് പിഴ ഈടാക്കുന്ന മെഷീനും പിടിച്ച് ബൈക്കിൽ കയറിപ്പോയ പൊലീസുകാരന് ഹെൽമറ്റില്ല. കണ്ടുനിന്നവർ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെ പൊലീസിനും മറ്റ് വഴിയില്ലാതെയായി.
ബംഗളുരുവിലെ ഹെബ്ബാളിലാണ് സംഭവം. ഹെൽമറ്റ് ധരിക്കാതെ ബൈക്കിന് പിന്നിലിരുന്ന് യായ്ര ചെയ്യുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ ഒരു എക്സ് അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ചെയ്തത്. നിരവധിപ്പേർ പൊലീസിനെ തന്നെ ടാഗ് ചെയ്ത് കമന്റ് ചെയ്യാൻ തുടങ്ങിയതോടെ പോസ്റ്റ് വൈറലായി. പൊലീസുകാർ നിയമത്തിന് അതീതരല്ലെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന പൊലീസുകാരൻ ഹെൽമറ്റ് ധരിച്ചിട്ടുമുണ്ടായിരുന്നു.
തൊട്ടുപിന്നാലെ ഹെബ്ബാൾ ട്രാഫിക് പൊലീസ് ബൈക്ക് ഓടിച്ച പൊലീസുകാരന് 500 രൂപ പിഴ ചുമത്തി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരുന്നു ബൈക്കിന് പിന്നിലിരുന്നത്. ഇയാളുടെ കൈയിൽ പൊലീസുകാർ നിയമലംഘകർക്ക് തത്സമയം പിഴ ചുമത്താനും വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിക്കാനും ഉപയോഗിക്കുന്ന മെഷീനും ഉണ്ടായിരുന്നു. വാഹന പരിശോധന നടത്തുന്ന സ്ഥലത്തു നിന്ന് ഒരു അപകട സ്ഥലത്തേക്ക് പോവുന്ന വഴിക്കാണ് നാട്ടുകാരിലൊരാൾ ഫോട്ടോ എടുത്തതെന്നും പിന്നീട് ചില പൊലീസുകാർ തന്നെ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം