പാകിസ്ഥാനെക്കുറിച്ച് മാത്രം പറയാന്‍ മോദി പാക് അംബാസിഡറാണോയെന്ന് മമത

By Web TeamFirst Published Jan 3, 2020, 5:13 PM IST
Highlights

ആരെങ്കിലും എനിക്ക് ജോലിയില്ലെന്നും, ജോലി നഷ്ടപ്പെട്ടെന്നും പറഞ്ഞാല്‍ അവരോട് പാകിസ്ഥാനിലേക്ക് പോകൂ എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ബിസിനസ് നഷ്ടത്തിലാണ് എന്ന് പറയുന്നവരോടും ഇതു തന്നെ.

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എല്ലാ ദിവസവും പാകിസ്ഥാനെക്കുറിച്ച് പറയുന്ന നിങ്ങള്‍ പാകിസ്ഥാന്‍ അംബാസിഡറാണോ എന്ന് മമത ബംഗാളിലെ സിലിഗുരിയില്‍ നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ പ്രധാനമന്ത്രി മോദിയോട് ചോദിച്ചു. പ്രതിപക്ഷം പാകിസ്ഥാനെതിരെ പ്രതിഷേധിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്ന മമത.

എന്തുകൊണ്ടാണ് മോദി എപ്പോഴും പാകിസ്ഥാനെ താരതമ്യം ചെയ്യുന്നത്. ഹിന്ദുസ്ഥാനെക്കുറിച്ച് മോദി സംസാരിക്കാന്‍ തയ്യാറാകണം. പാകിസ്ഥാനെക്കുറിച്ച് തങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്നും മമത പറഞ്ഞു. എല്ലാ ദിവസവും പാകിസ്ഥാനെക്കുറിച്ച് സംസാരിക്കാന്‍ പാകിസ്ഥാന്‍ അംബാസിഡറാണോ മോദിയെന്ന് മമത ചോദിച്ചു.

ആരെങ്കിലും എനിക്ക് ജോലിയില്ലെന്നും, ജോലി നഷ്ടപ്പെട്ടെന്നും പറഞ്ഞാല്‍ അവരോട് പാകിസ്ഥാനിലേക്ക് പോകൂ എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ബിസിനസ് നഷ്ടത്തിലാണ് എന്ന് പറയുന്നവരോടും ഇതു തന്നെ.  എന്ത് പറഞ്ഞാലും പാകിസ്ഥാന്‍ എന്നെ അദ്ദേഹത്തിന്‍റെ വായയില്‍ നിന്നും വരുന്നുള്ളൂ. അദ്ദേഹം ഇന്ത്യയെക്കുറിച്ച് പറയാന്‍ തയ്യാറാകണം മമത ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തുംകുരുവില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനെതിരെയും പ്രതിപക്ഷത്തിനെതിരെയും രംഗത്ത് എത്തിയിരുന്നു. രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ല  പ്രതിഷേധങ്ങള്‍ നടത്തേണ്ടതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്റെ നയങ്ങൾക്ക് എതിരെയാണ് പ്രതിഷേധിക്കേണ്ടത്. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്‍റെ നയങ്ങൾക്ക് എതിരെ കോൺഗ്രസും മറ്റുള്ളവരും പ്രതിഷേധിക്കണമെന്നും മോദി പറഞ്ഞു.

പാകിസ്ഥാൻ ഹിന്ദുക്കളെയും സിഖുകാരെയും ദ്രോഹിക്കുകയാണ്. ഇതിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളെയും സിഖുകാരെയും  സ്വീകരിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസ് പാകിസ്ഥാനെതിരെ മിണ്ടുന്നില്ല. പകരം അവിടെ പീഡിപ്പിക്കപ്പെടുന്നവര്‍ക്കെതിരെ റാലി നടത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. 

click me!