മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് ഊർജ്ജ പ്രതിസന്ധിയിൽ ആശങ്കയുണ്ടെങ്കിലും, പാചകവാതക വിതരണത്തിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 

ദില്ലി: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് ഇന്ത്യയിലെ ഊർജ്ജ പ്രതിസന്ധി ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണെന്ന് കേന്ദ്ര സർക്കാർ. എങ്കിലും, പാചകവാതക വിതരണത്തിന്റെ കാര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്രസർക്കാർ ഉറപ്പുനൽകി. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. എൽപിജി വിവേകപൂർവ്വം ഉപയോഗിക്കണമെന്നും പാചകത്തിന് ബദൽ സംവിധാനങ്ങൾ തേടണമെന്നും അവർ നിർദ്ദേശിച്ചു.

നിലവിൽ ഒരു ഗ്യാസ് ഏജൻസിയും സ്റ്റോക്കില്ലാത്ത സാഹചര്യം നേരിടുന്നില്ല. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടർ വിതരണം സാധാരണ നിലയിൽ തുടരുന്നു. സിലിണ്ടർ ബുക്കിംഗിൽ വൻ പുരോഗതിയുണ്ട്. 94% ബുക്കിംഗും ഓൺലൈൻ വഴിയാണ് നടക്കുന്നത്. ഡെലിവറി ഓതന്റിക്കേഷൻ കോഡ് (ഡിഎസി) സംവിധാനം 76 ശതമാനത്തിൽ എത്തിയതായി സുജാത ശർമ്മ പറഞ്ഞു.

താൽക്കാലികമായി നിർത്തിവെച്ചിരുന്ന വാണിജ്യ സിലിണ്ടർ വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നോൺ-ഡൊമസ്റ്റിക് എൽപിജി വിതരണത്തിന് പ്രത്യേക ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ രാജ്യത്തുടനീളം 12,000-ഓളം റെയ്ഡുകൾ നടത്തി. 15,000 സിലിണ്ടറുകൾ പിടിച്ചെടുത്തു. കേരളത്തിൽ മാത്രം ആയിരത്തോളം പരിശോധനകൾ നടന്നു. വാണിജ്യ ഉപഭോക്താക്കൾ പിഎൻജി (പിഎൻജി) കണക്ഷനുകളിലേക്ക് മാറുന്നത് ഗുണകരമാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഹോട്ടലുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ എൽപിജി സമ്മർദ്ദം കുറയ്ക്കാൻ മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ബദൽ ഇന്ധനങ്ങൾ അനുവദിച്ചിട്ടുണ്ട്.