
ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സുഹൃത്തുക്കൾ. 24കാരനായ കരൺബീർ സിംഗ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി സ്വകാര്യ സർവ്വകലാശാലയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. യുവതിയെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു.
ജലന്ധർ ജില്ലയിലെ നകോദർ പട്ടണത്തിലാണ് കരൺബീറിൻ്റെ കുടുംബം താമസിക്കുന്നത്. കരൺബീറിൻ്റെ സഹോദരി വിദേശത്താണ് താമസം. മൊഹാലിയിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ഇയാൾ ആർടിഒ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. കൊല്ലപ്പെട്ട യുവാവും പ്രതികളും തമ്മിൽ ഒരു സ്ത്രീയുടെ പ്രശ്നത്തെ ചൊല്ലി വഴക്കുണ്ടായെന്നും പ്രതികൾ ഇരുവരും ചേർന്ന് കരൺബീർ സിങ്ങിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡിഎസ്പി ബാൽ പറഞ്ഞു. എന്നാൽ പ്രതികൾ കരൺബീറിനെ കാറിൽ സോഹാനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരൺബീർ മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ഇരുവരും കാർ ഉപേക്ഷിച്ച് ആശുപത്രി വിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും ഡിഎസ്പി ബാൽ പറഞ്ഞു.
കരൺബീർ സോഹാനയിലെ ആശുപത്രിയിൽ മരിച്ചതായി വ്യാഴാഴ്ച വിവരം ലഭിച്ചതായി കേസിലെ പരാതിക്കാരനായ പ്രിത്പാൽ സിംഗ് പറഞ്ഞു. രണ്ടുപേരാണ് കരൺബീറിനെ ഉപേക്ഷിച്ചത്. പ്രബൽ ടൈറ്റസും അയാളുടെ സുഹൃത്തുമാണ് പ്രതികളെന്ന് പരാതിക്കാരൻ പറഞ്ഞു. സർവ്വകലാശാലയിൽ പഠിക്കുന്ന ഒരു യുവതിയുമായുള്ള കരൺബീറിൻ്റെ സൗഹൃദത്തിൽ പ്രബൽ അസ്വസ്ഥനായിരുന്നു. ഇത് വഴക്കിലേക്കും ഒടുവിൽ കരൺബീറിൻ്റെ കൊലപാതകത്തിലേക്കും നയിച്ചതായും പ്രിത്പാൽ സിംഗ് പറയുന്നു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam