വെള്ള പതാകകളുമായി വന്നാൽ നുഴഞ്ഞു കയറിയവരുടെ മൃതദേഹങ്ങൾ കൊണ്ടു പോകാമെന്ന് ഇന്ത്യൻ സൈന്യം

By Web TeamFirst Published Aug 4, 2019, 10:30 AM IST
Highlights

ജമ്മു കശ്മീരിലെ കേരാൻ സെക്ടറിലാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാന്‍റെ ബോർഡർ ആക്ഷൻ ടീം (BAT) - ലെ അംഗങ്ങൾ, ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കവേ കൊല്ലപ്പെട്ടത്.

ശ്രീനഗർ: അതിർത്തി കടന്ന് നുഴഞ്ഞു കയറിയ അഞ്ച് തീവ്രവാദികളുടെ മൃതദേഹങ്ങൾ തിരികെക്കൊണ്ടുപോകണമെന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ കേരാൻ സെക്ടറിലാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാന്‍റെ ബോർഡർ ആക്ഷൻ ടീം (BAT) - ലെ അംഗങ്ങൾ, ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കവേ കൊല്ലപ്പെട്ടത്. നുഴഞ്ഞു കയറ്റക്കാർ കേരാനിലെ ഒരു ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമിക്കാനും ശ്രമിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു..

വെളുത്ത പതാകകളുമായി, ആക്രമിക്കാനുള്ള ഉദ്ദേശമില്ലാതെ വന്നാൽ, അഞ്ച് പേരുടെയും മൃതദേഹങ്ങൾ തിരികെക്കൊണ്ടുപോകാമെന്നാണ് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരിക്കുന്നത്. എന്നാൽ പാകിസ്ഥാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. 

നുഴഞ്ഞുകയറിയത് 'ബാറ്റ്' ടീം

കാട്ടിൽ മരിച്ചു കിടക്കുന്ന ബാറ്റ് സംഘത്തിൽപെട്ട തീവ്രവാദികളുടെ ചിത്രങ്ങൾ ഇന്നലെ ഇന്ത്യൻ സൈന്യം പുറത്തുവിട്ടിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്‍റെയും തീവ്രവാദികളുടെയും സംയുക്ത ഒളിപ്പോർ സംഘമാണ് ബോർഡർ ആക്ഷൻ ടീം അഥവാ ബാറ്റ്. വേഷം മാറിയും, അല്ലാതെയും നിയന്ത്രണരേഖയ്ക്ക് സമീപം ആക്രമിക്കാനാണ് ബാറ്റ് സംഘത്തെ നിയോഗിക്കാറ്. പാക് സൈനികരും തീവ്രവാദികളും ബോർഡർ ആക്ഷൻ ടീമിലുണ്ടാകും. പാക് സൈനിക പരിശീലന കേന്ദ്രങ്ങളിൽ തീവ്രവാദികളെയും പരിശീലിപ്പിക്കാറുണ്ടെന്ന് ഇന്ത്യ പല തവണ അന്താരാഷ്ട്രവേദികളിലടക്കം ശക്തമായി ഉന്നയിച്ചിട്ടുള്ളതുമാണ്. 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് നിയന്ത്രണരേഖയ്ക്ക് അടുത്ത് ഈ ഏറ്റുമുട്ടലുണ്ടായതെന്നാണ് വ്യക്തമാകുന്നത്. അമർനാഥ് യാത്രയ്ക്ക് അടക്കം നേരെ ഭീകരാക്രമണം നടത്താൻ പാക് തീവ്രവാദികൾ ലക്ഷ്യമിട്ടു എന്ന ഇന്‍റലിജൻസ് വിവരങ്ങളെത്തുടർന്ന്, അമർനാഥ് തീർത്ഥാടകരോടും വിനോദസഞ്ചാരികളോടും ഉടനടി ജമ്മു കശ്മീർ വിടാൻ സർക്കാർ നിർദേശിച്ചിരുന്നു. ജമ്മു കശ്മീരിലേക്ക് വൻ സൈനിക വിന്യാസം നടത്തുകയും ചെയ്തു. 

എന്നാൽ ഇത്തരം വാർത്തകളെല്ലാം പാകിസ്ഥാൻ നിഷേധിച്ചു. ഒരു നുഴഞ്ഞു കയറ്റവും പാകിസ്ഥാൻ നടത്തിയിട്ടില്ലെന്ന് കരസേനാവക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ വ്യക്തമാക്കി. 

പാകിസ്ഥാൻ തീവ്രവാദപ്രവർത്തനങ്ങൾ തുടരുന്നുവെന്നും, ഇത്തരത്തിൽ നിയന്ത്രണ രേഖ അതിക്രമിച്ച് കയറാൻ തീവ്രവാദികൾ ശ്രമിച്ചാൽ ശക്തമായ പ്രതിരോധവും തിരിച്ചടിയും നേരിടേണ്ടി വരുമെന്നും സൈന്യം വ്യക്തമാക്കി. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് തീവ്രവാദികള്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും ഇവര്‍ക്ക് പാക് സൈന്യത്തിന്‍റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാസേനകൾ സംയുക്ത വാർത്താ സമ്മേളനം വിളിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 

തീവ്രവാദികളുടെ താവളങ്ങളില്‍ സൈന്യം നടത്തിയ റെയ്ഡില്‍  പിടിച്ചെടുത്ത അമേരിക്കന്‍ നിര്‍മ്മിത എം 24 സ്നൈപ്പര്‍ ഗണും പാക് സൈന്യം ഉപയോഗിക്കുന്ന മൈനുകളും വാര്‍ത്താസമ്മേളനത്തിനിടെ പ്രദര്‍ശിപ്പിച്ചു. കരസേന ചിനാർ കമാന്‍ഡര്‍ കെജെഎസ് ധില്ലന്‍, ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ്, സിആര്‍പിഎഫ് അഡീ.ഡയറക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ ഹസന്‍ എന്നിവരാണ് തീവ്രവാദികളില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. നിയന്ത്രണരേഖയിൽ ഉടനീളം പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയും ശക്തമായ ആക്രമണം നടത്തുകയും ചെയ്യുകയാണ്. 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും ജമ്മു കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ കടുത്ത ആശങ്കയിലും അതൃപ്തിയിലുമാണ്. അത്തരത്തിലുള്ള സൂചനകളൊന്നുമില്ലെന്ന് ഗവർണർ സത്യപാൽ മാലിക് പറഞ്ഞെങ്കിലും അതിൽ നാഷണൽ കോൺഫറൻസും പിഡിപിയും അസംതൃപ്തരാണ്. കേന്ദ്രസർക്കാർ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് പാർട്ടികൾ ആവശ്യപ്പെടുന്നു. 

click me!