
ദില്ലി: ജമ്മുകശ്മീരിലെ (Jammu and Kashmir) ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കരസേന മേധാവി എംഎം നരവനെ (MM Naravane) സന്ദർശനം നടത്തി. ഏറ്റുമുട്ടല്‍ നടക്കുന്ന പൂഞ്ചിലേയും രജൗരിയിലേയും സുരക്ഷ കരസേന മേധാവി വിലയിരുത്തി. നാളെയും കരസേന മേധാവി ജമ്മുകശ്മീരീലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ സേന കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.
ആക്രമണങ്ങളുടെ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ സുരക്ഷാ ഏജന്‍സി തലവന്മാരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു ചർച്ച. ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളെ കുറിച്ച് കൂടിക്കാഴ്ചയില്‍ ചർച്ച ആയതായാണ് സൂചന. വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മുകശ്മീരില്‍ സന്ദർശനം നടത്തുമെന്ന റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ സാധാരണക്കാര്‍ക്ക് നേരെ നടന്ന ഭീകരാക്രമണങ്ങളുടെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ആകെ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം 11 പേരാണ് ഇതുവരെ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അധ്യാപകരായ സുപീന്ദർ കൗർ, ദീപക് ചന്ദ്, വ്യവസായി എംഎല്‍ ബിന്ദ്രു, വീരേന്ദ്ര പാസ്വാൻ, രണ്ട് ബിഹാർ സ്വദേശികള്‍ എന്നിവരുടെ കൊലപാതകമാണ് എൻഐഎ അന്വേഷിക്കുക. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നതും വികസന പദ്ധതികള്‍ തടയുകയുമാണ് ഭീകരരുടെ ഉദ്ദേശമെന്നാണ് അനുമാനം. അതേസമയം പൂഞ്ചിലെ വനമേഖലയില്‍ ഭീകരർക്കായുള്ള തെരച്ചില്‍ ഒൻപതാം ദിവസവും തുടരുകയാണ്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 9 സൈനികരാണ് പൂഞ്ചില്‍ വീരമൃത്യു വരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam