അസാധാരണ നടപടി: സംയുക്ത സേനാതലവനും സേനാമേധാവിമാരും പത്രസമ്മേളനം നടത്തും

By Web TeamFirst Published May 1, 2020, 4:23 PM IST
Highlights

വൈകുന്നേരം ആറ് മണിക്ക് സംയുക്ത സേനാമേധാവി ബിപിൻ റാവത്തും കര-നാവിക-വ്യോമസേനാ മേധാവിമാരും കൂടി മാധ്യമങ്ങളെ കാണും എന്നാണ് പുറത്തു വരുന്ന അറിയിപ്പ്

ദില്ലി: അപൂർവ്വങ്ങളിൽ അപൂർവ്വമായ നടപടിയുമായി സൈന്യം. മൂന്ന് സേനാമേധാവിമാരും സംയുക്ത സൈനിക മേധാവിയും അൽപസമയത്തിനകം മാധ്യമങ്ങളെ കാണും. 

വൈകുന്നേരം ആറ് മണിക്ക് സംയുക്ത സേനാമേധാവി ബിപിൻ റാവത്തും കര-നാവിക-വ്യോമസേനാ മേധാവിമാരും കൂടി മാധ്യമങ്ങളെ കാണും എന്നാണ് പുറത്തു വരുന്ന അറിയിപ്പ്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ തലനായ ബിപിൻ റാവത്ത് ഇതാദ്യമായാണ് സേനാമേധാവിമാർക്കൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്. 

കൊവിഡ് വ്യാപനവും മൂലം രാജ്യം സാമ്പത്തിക സാമൂഹികവുമായ പലതരം പ്രതിസന്ധികൾ നേരിടുന്നതിനിടെയാണ് സേനാമേധാവിമാരുടെ സംയുക്തവാർത്താസമ്മേളനം വരുന്നത്. രാജ്യഅതിസാധാരണ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഘട്ടത്തിൽ ചട്ടക്കൂടുകൾക്കപ്പുറം നിന്നു കൊണ്ട് സേവനം നൽകാൻ സൈന്യം സന്നദ്ധമാണെന്ന് കഴിഞ്ഞ ആഴ്ച ബിപിൻ റാവത്ത് പറഞ്ഞിരുന്നു. 

അതീവ ജാഗ്രതയോടെയും ക്ഷമയോടേയും നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് സൈന്യം കൊവിഡ് ഭീഷണിയെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സൈന്യത്തിൻ്റെ കര, നാവിക, വ്യോമ വിഭാഗങ്ങളിലെല്ലാം കൊവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തെങ്കിലും വളരെ പരിമിതമായ തോതിൽ മാത്രമാണ് കൊവിഡ് വ്യാപനമുണ്ടായത്. ദില്ലിയിലെ സിആർപിഎഫ് ക്യാംപിലും മുംബൈയിലെ നാവികസേനാ ആസ്ഥാനത്തുമാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. 

click me!