
ചെന്നൈ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ (Army Helicopter Crash) അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് (Bipin Rawat) ഉൾപ്പടെയുള്ള 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര കോയമ്പത്തൂർ സൂലൂരിലെ വ്യോമ താവളത്തിലേക്ക് പോവുന്നതിനിടെ അകമ്പടി വാഹനങ്ങളിൽ ഒന്ന് അപകടത്തിൽ പെട്ടു (Accident) . ഊട്ടി ചുരമിറങ്ങുമ്പോൾ വാഹനം അപകടത്തിൽ പെടുകയായിരുന്നു. രണ്ട് പേർക്ക് പരിക്ക് പറ്റി. വാഹനവ്യൂഹം യാത്ര തുടരുകയാണ്.
വെല്ലിംങ്ങ്ടൺ സൈനിക പരേഡ് ഗ്രൗണ്ടിൽ നിന്ന് റോഡ് മാർഗമാണ് യാത്ര. പരേഡ് ഗ്രൗണ്ടിൽ പൂർണ്ണ ബഹുമതികൾ നൽകിയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വ്യോമസേന മേധാവി വി ആർ ചൗധരി, തമിഴ്നാട് മന്ത്രിസഭയിലെ അംഗങ്ങൾ, ഗവർണർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. വിലാപ യാത്രയ്ക്ക് വഴിനീളെ പുഷ്പ വൃഷ്ടി നടത്തുകയാണ് നാട്ടുകാർ. വൈകിട്ടോടെ സുലൂരിലെ വ്യോമ താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങൾ പ്രത്യേക വിമാനത്തിൽ ദില്ലിയിലേക്ക് പുറപ്പെടും.
ജനറൽ ബിപിൻ റാവത്തിന് ഏറെ ഹൃദയബന്ധമുളള വെല്ലിംങ്ങ്ടൺ സൈനിക പരേഡ് ഗ്രൗണ്ടില്‍ നടന്ന പൊതുദർശനം ഏറെ വൈകാരികമായിരുന്നു. വെല്ലിംങ്ങ്ടണിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ പലവട്ടം സല്യൂട്ട് നൽകുകയും പിന്നീട് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടാവണം ബിപിൻ റാവത്ത്. അതേ ഗ്രൗണ്ടിൽ എം ഐ 17 വി 5 ഹെലിക്കോപ്ടറിലെ സഹയാത്രികരായിരുന്ന 13 പേർക്കൊപ്പം അദ്ദേഹം അന്ത്യാഭിവാദ്യം സ്വീകരിച്ചു. ജ്വലിക്കുന്ന ഓർമ്മകളുടെ അകമ്പടിയോടെ നടന്ന അന്ത്യാഭിവാദ്യം ഏറെ വൈകാരികമായിരുന്നു. ഊട്ടിയിലെ വെല്ലിംങ്ങ്ടൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്ന് രാവിലെ സൈനികവ്യൂഹത്തിൻ്റെ അകമ്പടിയോടെയാണ് വെല്ലിംങ്ടണിലെ പരേഡ് ഗ്രൗണ്ടില്‍ എത്തിച്ചത്. സംയുക്ത സൈനിക മേധാവിയെ യാത്രയാക്കാൻ പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്. പട്ടാള വണ്ടിയിൽ ഒരുമിച്ചാണ് ജനറൽ ബിപിൻ റാവത്തിൻ്റേയും പത്നി മധുലിക റാവത്തിൻ്റേയും മൃതദേഹങ്ങൾ എത്തിച്ചത്. പിന്നാലെ മറ്റ് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളും സൈനികതാവളത്തിലേക്ക് എത്തിച്ചു.
ബിപിൻ റാവത്തടക്കം 14 പേർ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടർ ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിലെ കൂനൂരിന് സമീപമായിരുന്നു അപകടം. ബിപിൻ റാവത്തിനൊപ്പം ഭാര്യയും മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. വ്യോമസേനയുടെ മികവുറ്റ ഹെലികോപ്ടറുകളിലൊന്നായ എംഐ- 17വി5 ആയിരുന്നു അപകടത്തിൽ പെട്ടത്.
Read Also: ധീരസൈനികര്‍ക്ക് രാജ്യത്തിന്‍റെ ആദരാഞ്ജലി, വിലാപ യാത്ര സുലൂര്‍ വ്യോമതാവളത്തിലേക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam