
ശ്രീനഗർ: ജമ്മു കശ്മീരിൽ (jammu kashmir) വീണ്ടും ഏറ്റുമുട്ടൽ. അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചു. പൂഞ്ചിൽ ഭീകർക്കായി (Terrorists) തെരച്ചിൽ തുടരുകയാണ്. ദില്ലി അറസ്റ്റിലായ പാക് ഭീകരന് 2009ലെ ജമ്മു സ്ഫോടനവുമായി ബന്ധമുണ്ടെന്ന് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ (delhi police special cell) അറിയിച്ചു
അവന്തിപോരയിലെ ത്രാൽ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 48 മണിക്കൂറിനിടെ നടക്കുന്ന ആറാമത്തെ ഏറ്റുമുട്ടലാണിത്. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെയാണ് വധിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു. രണ്ട് ഭീകരരർ ഇവിടെ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് മേഖലയിൽ തെരച്ചിൽ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ സി.ആര്‍.പി.എഫും പോലീസും മേഖലയില്‍ സംയുക്ത ഓപ്പറേഷന്‍ നടത്തിയത്. തെരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സുരക്ഷാസേന തിരിച്ചടിച്ചത്. അഞ്ച് ഏറ്റുമുട്ടലുകളില്‍ ഇതുവരെ ഏഴ് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്.
അതിനിടെ ജമ്മു കശ്മീരിലെ വ്യാപക റെയ്ഡിന് പിന്നാലെ എൻഐഎ ഡിജി ജമ്മുവിൽ എത്തി. സുരക്ഷസേന, ഐബി എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി എൻഐഎ ഡിജി കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു. ദില്ലിയിൽ അറസ്റ്റിലായ പാക് ഭീകരന് 2009 ലെ ജമ്മു ബസ് സ്റ്റാൻഡ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഐഎസ്ഐ നടത്തിയ സ്ഫോടനത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് നൽകുന്ന വിവരം. കൂടാതെ രാജ്യത്തേക്കുള്ള ആയുധക്കടത്തിലും ഇയാൾക്ക് ഇടപെടലുണ്ടെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. 2011 ൽ ദില്ലി ഹൈക്കോടതി വളപ്പിൽ നടന്ന സ്ഫോടനത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.