
ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്സാൽമീർ മിലിട്ടറി സ്റ്റേഷന് സമീപം വാഹനാപകടത്തിൽ കരസേനാ മേജർ കൊല്ലപ്പെട്ടു. മധ്യപ്രദേശ് ഇന്ദോർ സ്വദേശിയായ മേജർ ഹംസ ആരിഫ് (30) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമുള്ളപ്പോഴാണ് ദാരുണാപകടം സംഭവിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ലഫ്റ്റനന്റ് റാങ്കിലുള്ള രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം സംഭവിച്ചത്. മേജർ ഹംസയും സഹപ്രവർത്തകരും സഞ്ചരിച്ച ടാറ്റ സഫാരി കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു. അപകടം നടന്ന ഉടൻ ഹംസയെ സമീപത്തെ മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.
ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ മാസമാണ് ഹംസയുടെ വിവാഹം കഴിഞ്ഞത്. ഡിസംബറിൽ ഇൻഡോറിൽ വെച്ച് വലിയ രീതിയിൽ വിവാഹസത്ക്കാരം നടത്താൻ പദ്ധതിയിട്ടിരിക്കുവേയാണ് ദുരന്തം സംഭവിച്ചത്. ജയ്‌സാൽമീർ നഗരത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ ആർമി ഏരിയയ്ക്കുള്ളിലെ റോഡിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ അഞ്ച് തവണ തലകീഴായി മറിഞ്ഞ വാഹനം നൂറ് മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. ഒട്ടകം സംഭവസ്ഥലത്തുതന്നെ ചത്തു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ സൈനികരാണ് തകർന്ന വാഹനത്തിൽ കുടുങ്ങിയ ഉദ്യോഗസ്ഥരെ പുറത്തെടുത്ത് മിലിട്ടറി ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ മേജർ ഹംസ ആരിഫ് മരണപ്പെടുകയായിരുന്നു. ലഫ്റ്റനന്റ് അഭിനവ് റാത്തോഡ്, ലഫ്റ്റനന്റ് ആയുഷ്മാൻ ഗുസൈൻ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചിരുന്നത് മേജർ ഹംസയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ജയ്സാൽമീറിലെ ജവഹർ ആശുപത്രിയിലേക്ക് മാറ്റി. അപകടസമയത്ത് ജയ്‌സാൽമീർ മിലിട്ടറി സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുകയായിരുന്നു മേജർ ഹംസ ആരിഫ്. 2016-ൽ ചമേലി ദേവി കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം 2017-ലാണ് ഇന്ത്യൻ ആർമിയിൽ ചേരുന്നത്. സേവന മികവിലൂടെയാണ് പിന്നീട് മേജർ പദവിയിലേക്ക് ഉയർന്നത്.2016-ൽ ചമേലി ദേവി കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം 2017-ലാണ് ഇന്ത്യൻ ആർമിയിൽ ചേരുന്നത്. സേവന മികവിലൂടെയാണ് പിന്നീട് മേജർ പദവിയിലേക്ക് ഉയർന്നത്. സംഭവത്തിൽ പ്രാദേശിക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam