
ഹൈദരാബാദ്: എയർപോർട്ടിലെത്താൻ വൈകിയതാൽ വിമാനം കിട്ടില്ലെന്നുറപ്പായപ്പോൾ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച മുൻ സൈനികൻ അറസ്റ്റിൽ. തിങ്കളാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന ഹൈദരാബാദ്-ചെന്നൈ വിമാനത്തിലാണ് ബോംബുണ്ടെന്ന് ഇയാൾ ഭീഷണി മുഴക്കിയത്. തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ സൈനികനെയാണ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം പൊലീസ് കസ്റ്റഡിയിലെടുത്തത്. മിലിട്ടറി എൻജിനീയറിംഗ് സർവീസസിലെ സൂപ്രണ്ടിംഗ് എൻജിനീയറായ അജ്മീർ ഭദ്രയ്യ (59) ആണ് പിടിയിലായത്. പുലർച്ചെ 5.15നുള്ള ആദ്യ വിമാനം ഇയാൾക്ക് നഷ്ടമായി.
പിന്നാലെ ഇയാൾ 10.15-നുള്ള ഇൻഡിഗോ ഫ്ലൈറ്റിനായി വീണ്ടും ബുക്ക് ചെയ്തു. എന്നാൽ, ഈ വിമാനത്തിന്റെ ബോർഡിങ് ഗേറ്റുകൾ അടച്ചപ്പോഴാണ് ഇയാൾ എയർപോർട്ടിലെത്തിയത്. തുടർന്ന് ഇയാൾ അസ്വസ്ഥനായി. താനില്ലാതെ വിമാനം പുറപ്പെടില്ലെന്ന് ഇയാൾ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് ഫോണിൽ നിന്ന് ഡയൽ-100-ലേക്ക് വിളിച്ച് വിമാനത്തിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയെന്ന് ആർജിഐഎ ഇൻസ്പെക്ടർ ആർ ശ്രീനിവാസ് പറഞ്ഞു.
പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിലെത്തി അന്വേഷണം ആരംഭിച്ചു. ഭദ്രയ്യ അപ്പോഴും വിമാനത്താവളത്തിൽ തന്നെ ഉണ്ടായിരുന്നു. ഉടൻ തന്നെ ഇയാളെ ചോദ്യം ചെയ്തു. താനാണ് വ്യാജ ഭീഷണി മുഴക്കിയതെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. രണ്ട് വിമാനങ്ങൾ നഷ്ടമായതിനെത്തുടർന്നുണ്ടായ നിരാശയിലാണ് ഇയാൾ ഭീഷണി മുഴക്കിയതെന്ന് ഷംഷാബാദ് എസിപി വി ഭാസ്‌കർ പറഞ്ഞു.
സമൂഹമാധ്യമത്തിലെ ഐഎഎസ്-ഐപിഎസ് പോര് അതിര് കടന്നു; രൂപയെയും സിന്ദൂരിയെയും സ്ഥലം മാറ്റി സര്‍ക്കാര്‍
കഴിഞ്ഞ ദിവസം ബോംബ് വ്യാജ വാർത്തയെ തുടർന്ന് ഡൽഹി-ദേവ്ഗഢ് വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കിയിരുന്നു. ദില്ലിയിൽ നിന്ന് ദേവ്ഗഢിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. ഉച്ചയ്ക്ക് 12.20ന് ലഖ്‌നൗവിൽ ഇറങ്ങിയ വിമാനത്തെ ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയി. വിശദമായ പരിശോധനയ്ക്ക് ശേഷം വിമാനത്തിന് തുടർ യാത്രയ്ക്ക് അനുമതി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam