നിസാമുദ്ദീന്‍ സമ്മേളനം: മഹാരാഷ്ട്രയില്‍ നിന്ന് പങ്കെടുത്തവരില്‍ ഇനി കണ്ടെത്താനുള്ളത് 1000 പേരെ

By Web TeamFirst Published Apr 2, 2020, 4:34 PM IST
Highlights

സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 1300 പേരെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ പറഞ്ഞു.

മുംബൈ: നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ മഹാരാഷ്ട്രയില്‍ നിന്ന് ഏകദേശം 1400 പേര്‍ പങ്കെടുത്തതായി സ്ഥിരീകരണം. തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 1300 പേരെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ പറഞ്ഞു.

കണ്ടെത്തിയവരെയെല്ലാം ഇപ്പോള്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ എണ്ണായിരത്തിലധികം പേരെ കണ്ടെത്താന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടിയെടുക്കുകയാണ്കേന്ദ്രം. കൊവിഡിനെ ചെറുക്കാന്‍ രാജ്യം പെടാപ്പാട് പെടുമ്പോള്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത സമ്മേളനം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

വലിയ വ്യാപനത്തിലേക്ക് പോകുന്നതിന് മുമ്പ് പ്രതിവിധി കാണാന്‍സമ്മേളനത്തിനുണ്ടായിരുന്നവര്‍ യാത്ര ചെയ്ത ആറ് ട്രെയിനുകളിലെ സഹയാത്രക്കാരെ നിരീക്ഷിക്കാന്‍ കേന്ദ്രംതീരുമാനിച്ചു. നിസാമുദ്ദിന്‍ സമ്മേളനം കാരണമുളള രോഗവ്യാപനമാണ് കൊവിഡ് കേസുകള്‍ രണ്ട് ദിവസത്തില്‍ കൂടിയതിന് കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി.

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നല്ലൊരു പങ്ക് നിസാമുദ്ദിനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. സ്ഥിതി വഷളാകുന്ന സാഹചര്യത്തില്‍ നിരീക്ഷണ ചുമതല ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് കൈമാറിയിട്ടുണ്ട്.
 

click me!