കൊവിഡിന് വാക്‌സിന്‍; വന്നവര്‍ക്കെല്ലാം മരുന്ന്, നാലുവര്‍ഷമായി ക്ലിനിക്ക് നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍

By Web TeamFirst Published Apr 2, 2020, 3:57 PM IST
Highlights

പ്ലസ് ടു യോഗ്യത മാത്രമുള്ള ഇയാള്‍ നാലുവര്‍ഷമായി ക്ലിനിക്ക് നടത്തുകയാണ്. കൊവിഡിന് മരുന്നെന്ന വിവരം പരന്നതോടെ നിരവധി ആളുകളാണ് ചികിത്സ തേടി മാധവനെ സമീപിച്ചത്. പനി, ജലദോഷം, ചുമ എന്നിവയ്‌ക്കെല്ലാം മരുന്ന് നല്‍കിയിരുന്നു.

ചെന്നൈ: കൊവിഡ് വൈറസിനുള്ള വാക്‌സിന്‍ നല്‍കാമെന്ന പേരില്‍ ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ റാണിപ്പേട്ട് ജില്ലിയിലെ അമ്മൂരില്‍ ക്ലിനിക്ക് നടത്തിയിരുന്ന ആര്‍ മാധവ(33)നാണ് അറസ്റ്റിലായത്. കൊവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കാമെന്നും അതിനുള്ള വാക്‌സിന്‍ തന്റെ കൈവശമുണ്ടെന്നും പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.  

പ്ലസ് ടു യോഗ്യത മാത്രമുള്ള ഇയാള്‍ നാലുവര്‍ഷമായി ക്ലിനിക്ക് നടത്തുകയാണ്. കൊവിഡിന് മരുന്നെന്ന വിവരം പരന്നതോടെ നിരവധി ആളുകളാണ് ചികിത്സ തേടി മാധവനെ സമീപിച്ചത്. പനി, ജലദോഷം, ചുമ എന്നിവയ്‌ക്കെല്ലാം മരുന്ന് നല്‍കിയിരുന്നു. കൊവിഡ് ചികിത്സ നടക്കുന്നെന്ന വിവരം ലഭിച്ച ആരോഗ്യവകുപ്പ് ക്ലിനിക്കില്‍ പരിശോധന നടത്തിയപ്പോള്‍ അവിടെ 30തിലധികം രോഗികളുണ്ടായിരുന്നു. 

മാധവിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ക്ലിനിക്കില്‍ ഉപയോഗിച്ചിരുന്ന മരുന്നുകള്‍, സിറിഞ്ചുകള്‍ എന്നിവ അധികൃതര്‍ പിടിച്ചെടുത്തു. റാണിപ്പേട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
   

 


 

click me!