
കൊൽഹാപ്പൂർ: മഹാരാഷ്ട്രയിലെ കൊൽഹാപ്പൂർ ജില്ലയിൽ 250 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കൊൽഹാപ്പൂരിലെ ഗ്രാമത്തിൽ നടന്ന മേളയിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നിലവിൽ 50 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമായതിനാൽ ചികിത്സക്ക് ശേഷം വീടുകളിലേക്ക് പോയി. ശിവ്‌നക്വാദി എന്ന ഗ്രാമത്തിൽ ചൊവ്വാഴ്ച നടന്ന മേളയിൽ പങ്കെടുത്തവർക്ക് പ്രസാദമായി പായസം നൽകിയിരുന്നു. ഇത് കഴിച്ചതിന് ശേഷമാണ് ആളുകൾക്ക് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് വിവരം. പായസം കഴിച്ചവർക്ക് ബുധനാഴ്ച രാവിലെയോടെ വയറിളക്കം, ഛർദി, പനി എന്നിവ അനുഭവപ്പെടുകയായിരുന്നു.
ഇതോടെയാണ് ആളുകൾ ആശുപത്രിയിലേക്ക് ചികിത്സ തേടി എത്തിയത്. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരിൽ അധികം പേരും കുടിച്ചത് പ്രസാദമായി നൽകിയ പായസമാണെന്നാണ് പറഞ്ഞത്. എന്നാൽ പായസമാണോ ഭക്ഷ്യ വിഷബാധക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. സ്ഥലത്ത് നിരവധി ഫുഡ് സ്റ്റാളുകളും ഉണ്ടായിരുന്നതായി പൊലീസ് വിവരിച്ചു. മേളയിൽ നൽകിയ ഭക്ഷണങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് ലബോറട്ടറിയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിന് ശേഷമെ എന്താണ് സംഭവിച്ചതെന്ന് പറയാൻ സാധിക്കുവെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam