നിര്‍ഭയ ശിക്ഷ നടപ്പാക്കല്‍: ഡമ്മി പരീക്ഷണത്തിന് തയ്യാറായി തീഹാര്‍ ജയില്‍

Web Desk   | Asianet News
Published : Jan 08, 2020, 12:43 PM ISTUpdated : Jan 08, 2020, 12:55 PM IST
നിര്‍ഭയ ശിക്ഷ നടപ്പാക്കല്‍: ഡമ്മി പരീക്ഷണത്തിന് തയ്യാറായി തീഹാര്‍ ജയില്‍

Synopsis

ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാൽ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 

ദില്ലി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് കുറ്റവാളികളെയും തൂക്കിലേറ്റുന്നതിന് മുമ്പ് ഡമ്മി പരീക്ഷണം നടത്തുമെന്ന് തീഹാർ ജയിൽ അധികൃതർ അറിയിച്ചു. കുറ്റവാളികളായ പവൻ ​ഗുപ്ത, അക്ഷയ്, വിനയ് ശർമ്മ, മുകേഷ് എന്നിവരാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത്. ജനുവരി 22 ന് രാവിലെ ഏഴ് മണിക്കാണ് ഇവരെ തൂക്കിലെറ്റുന്നതെന്ന് വിധിപ്രസ്താവനയിൽ  വ്യക്തമാക്കുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാൽ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 

''തൂക്കിലേറ്റപ്പെടുന്നവരുടെ അതേ തൂക്കത്തിൽ തയ്യാറാക്കിയിരിക്കുന്ന ഡമ്മി കഴുമരത്തിൽ തൂക്കിയാണ് ഡമ്മി എക്സിക്യൂഷൻ നടത്തുന്നത്. വധശ‌ിക്ഷ നടപ്പാക്കുന്ന അതേയിടത്ത് വച്ചായിരിക്കും പരീക്ഷണവും നടത്തുക.'' ഇപ്പോഴല്ല, വരുംദിവസങ്ങളിൽ ഈ പരീക്ഷണം നടത്തുമെന്ന് തീഹാർ ജയിൽ അധികൃതർ ദേശീയ മാധ്യമമായ എഎൻഐയോട് പറ‍ഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഈ സമയത്ത് പൊതുമരാമത്ത് വകുപ്പ്, ജയിൽ സൂപ്രണ്ട്, മറ്റ് ഔദ്യോ​ഗിക വ്യക്തികൾ എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടാകും. ജയിൽ സെൽ 3 യിലാണ് വധശിക്ഷ നടപ്പാക്കുന്നത്. 

പാർലമെന്റ് അക്രമണത്തിലെ കുറ്റവാളിയായ അഫ്സൽ ​ഗുരുവിനെ 2013 ൽ  തൂക്കിലേറ്റിയതും സെൽ 3യിൽ വച്ചായിരുന്നു. തൂക്കിലേറ്റപ്പെടുന്നത് വരെ ഇവർ ഏകാന്ത തടവിലായിരിക്കും. അവസാന നിമിഷം മാത്രം കുടുംബത്തിലെ ഏതെങ്കിലും ഒരം​ഗവുമായി സംസാരിക്കാൻ അവസരം നൽകും. ഇന്ത്യ കണ്ട ഏറ്റവും പൈശാചികവും ക്രൂരവുമായ സംഭവമായിരുന്നു നിർഭയ കേസ്. 2012 ഡിസംബർ 16 നാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് അതിക്രൂരമായി ബലാത്സം​ഗത്തിനും ശാരീരിക പീഡനങ്ങൾക്കും ഇരയാക്കിയത്. കൃത്യത്തിന് ശേഷം ഇവർ പെൺകുട്ടിയെ റോഡിലുപേക്ഷിച്ചു. രാജ്യത്തുടനീളം ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ, ഡിസംബർ 26 ന് പെൺകുട്ടി മരിച്ചു. 

സംഭവത്തിലെ പ്രധാന പ്രതികളിലൊന്നായ രാംസിം​ഗ് ജയിലിൽ തൂങ്ങിമരിക്കുകയായിരുന്നു. പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ ഒരാളെ മൂന്ന് വർഷം ദുർ​ഗുണ പരിഹാര പാഠശാലയിൽ പാർപ്പിച്ചതിന് ശേഷം വിട്ടയച്ചു. അവശേഷിക്കുന്ന നാല് പേരെയാണ് ജനുവരി 22 ന് തൂക്കിലേറ്റുന്നത്. 

PREV
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച