ടീസ്ത സെതല്‍വാദിന്‍റെ അറസ്റ്റ്; പ്രതിഷേധം ശക്തമാകുന്നു, വിധിയില്‍ വ്യക്തത വരുത്തണമെന്ന് മദന്‍ ബി ലോക്കൂര്‍

By Web TeamFirst Published Jun 30, 2022, 12:51 PM IST
Highlights

ടീസ്തയെ അറസ്റ്റ് ചെയ്യണമായിരുന്നോ എന്ന കാര്യത്തില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ വ്യക്തത വരുത്തണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍  ബി ലോക്കൂര്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ഞെട്ടിപ്പിക്കുന്നതായെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത മാധ്യമപ്രവര്‍ത്തകയുമായ മരിയ റെസ പ്രതികരിച്ചു. 

ദില്ലി: ടീസ്ത സെതല്‍വാദിന്‍റെ അറസ്റ്റിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ടീസ്തയെ അറസ്റ്റ് ചെയ്യണമായിരുന്നോ എന്ന കാര്യത്തില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ വ്യക്തത വരുത്തണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍  ബി ലോക്കൂര്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ഞെട്ടിപ്പിക്കുന്നതായെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത മാധ്യമപ്രവര്‍ത്തകയുമായ മരിയ റെസ പ്രതികരിച്ചു. ടീസ്തക്കെതിരായ കേസില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. 

ഒരു കേസ് തള്ളുമ്പോള്‍ അതിലെ പരാതിക്കാര്‍ കുറ്റവാളികളാകുന്ന അപൂര്‍വ്വ കാഴ്ചയാണ് ടീസ്തയുടെ കേസിലെ സുപ്രീംകോടതി നടപടിയെന്നാണ് മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം എത്രയോ കേസുകള്‍ കോടതിക്ക് മുന്‍പാകെ വരുന്നുണ്ടെന്നും , അതിലൊക്കെ സമാന നിലപാടാണോ സ്വീകരിക്കുന്നതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തില്‍ മദന്‍ ബി ലോക്കൂര്‍ ചോദിക്കുന്നു. ടീസ്തയെ അറസ്റ്റ് ചെയ്യേണ്ട എന്നായിരുന്നു കേസ് പരിഗണിച്ച ബഞ്ചിന്‍റെ നിലപാടെങ്കില്‍ അക്കാര്യത്തില്‍ വ്യക്തത വരുത്താമായിരുന്നു. സുപ്രീംകോടതി സെക്രട്ടറി ജനറല്‍ മുഖേന പ്രസ്താവനയിറക്കിയാല്‍ മാത്രം മതിയെന്നും എന്നാല്‍ ഇതുവരെ അക്കാര്യം സംഭവിച്ചിട്ടില്ലെന്നും മദന്‍ ലോക്കൂര്‍ പറയുന്നു. അറസ്റ്റിനെതിരെ കൂട്ടായ പ്രതിഷേധമുയരണമെന്നാണ് നൊബേല്‍ സമ്മാന ജേതാവ് മരിയ റെസ പറയുന്നത്.

അതേ സമയം, കേസന്വേഷിക്കുന്ന നാലംഗ സംഘം  2008ലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ  റിപ്പോര്‍ട്ട് പരിശോധിച്ചു. സര്‍ക്കാരിന്‍റെ ഇടപെടലിനെ കുറിച്ചാണ് മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍റെ സംഘം അന്വേഷിച്ചതെന്നതിനാല്‍ ടീസ്തയടക്കമുള്ളവരുടെ തുടക്കം മുതലുള്ള ഇടപെടല്‍ പുതിയ സംഘം പരിശോധിക്കും. ഇന്നലെയും ഗുജറാത്ത് പോലീസ് സംഘം ടീസ്തയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

click me!