
ദില്ലി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയുടെ മൃതദേഹം ഞായറാഴ്ച വൈകിട്ട് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നിഗംബോധ്ഘട്ടില്‍ സംസ്‍കരിക്കും. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്‍ലി ഇന്ന് ഉച്ചയ്ക്ക് ദില്ലി എയിംസില്‍ വച്ചാണ് അന്തരിച്ചത്.
ഓഗസ്റ്റ് 10 ന് ശേഷം ജയ്റ്റ്ലിയുടെ ആരോഗ്യ നില സംബന്ധിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിനുകളൊന്നും എയിംസ് അധികൃതര്‍ പുറത്തിറക്കിയിരുന്നില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുസ്‍മരിച്ചു.
രാജ്യത്തിന് അതുല്യ സംഭാവനകൾ നൽകിയ വ്യക്തിയാണെന്ന് രാഷ്ട്രപതി ഓർമ്മിച്ചു. നാളെ രാവിലെ 11 മണിവരെ വീട്ടിലും പിന്നീട് ബിജപി ദേശീയ ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സുഷമ സ്വരാജിന്‍റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാകുന്നത്.
ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജെയ്റ്റിലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജെയ്റ്റലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam