
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര സർക്കാർ നീക്കത്തോടുള്ള എതിർപ്പ് ആവർത്തിച്ച് എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ. തുല്യ വിദ്യാഭ്യാസം, തുല്യ ആരോഗ്യ സംരക്ഷണം എന്നിവയാണ് നടപ്പിലാക്കേണ്ടതെന്ന തന്റെ നിർദേശം കെജ്രിവാൾ ആവർത്തിച്ചു. ബിജെപിയെ കുറ്റപ്പെടുത്തിയ കെജ്രിവാൾ ഓരോ മൂന്നാം മാസവും തെരഞ്ഞെടുപ്പ് നടത്തണമെന്നും, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നിർദ്ദേശം നടപ്പിലാക്കിയാൽ അഞ്ച് വർഷത്തേക്ക് ബിജെപിയെ പിന്നെ കാണാൻ കിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'മൂന്ന് മാസത്തിലൊരിക്കൽ തെരഞ്ഞെടുപ്പ് നടത്തണം. അല്ലെങ്കിൽ, 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' നടപ്പിലാക്കിയാൽ ബിജെപിയെ അഞ്ച് വർഷത്തേക്ക് കാണാൻ കിട്ടില്ലെന്നുമായിരുന്നു ദില്ലി മുഖ്യമന്ത്രി ജയ്പൂരിൽ പറഞ്ഞത്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശത്തിന് പിന്നിലെ യുക്തി ചോദ്യം ചെയ്തതിന് പിന്നാലെ ആയിരുന്നു ഇത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നതിൽ നിന്ന് ഒരു സാധാരണക്കാരന് എന്താണ് ലഭിക്കുക. നൂറോ ആയിരമോ തെരഞ്ഞെടുപ്പുകൾ നടത്തിയാലും നമുക്ക് എന്ത് ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ന മ്മുടെ രാജ്യത്തിന് എന്താണ് പ്രധാനം?. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണോ, അതല്ലെങ്കിൽ ഒരു രാഷ്ട്രം ഒരു വിദ്യാഭ്യാസം ഒരു രാജ്യം ഒരു ചികിത്സ എന്നതാണോ?. സമ്പന്നനോ ദരിദ്രനോ, എല്ലാവർക്കും തുല്യ പരിഗണന ലഭിക്കുന്ന ചികിത്സ ഉറപ്പാക്കാം, സമ്പന്നനോ ദരിദ്രനോ എല്ലാവർക്കും തുല്യമായ നല്ല വിദ്യാഭ്യാസം ഉറപ്പാക്കാം, ഇതല്ലാതെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ നിന്ന് സാധാരണക്കാർക്ക് എന്ത് ലഭിക്കും എന്നായിരുന്നു അദ്ദേഹം നേരത്തെ ട്വിറ്ററിൽ (എക്സ്) കുറിച്ചത്.
Read more: കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെ നാഷണൽ പെർമിറ്റ് ദുരുപയോഗം; ഗതാഗത മന്ത്രി ഉന്നതല യോഗം വിളിച്ചു
അതേസമയം, ഇതുസംബന്ധിച്ച പരിഷ്‌കരണം പഠിക്കാൻ എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ അംഗങ്ങളാണ്. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവ ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. ഉന്നതാധികാര സമിതി അതിവേഗം യോഗം ചേർന്ന് പരിഷ്കാരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ എല്ലാ ചെലവുകളും നിയമ മന്ത്രാലയം വഹിക്കും. സമിതിയുടെ ഓഫീസ് അടക്കമുള്ള കാര്യങ്ങളും നിയമ മന്ത്രാലയം ഒരുക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം