
ദില്ലി: അഴിമതി ആരോപണത്തെ തുടർന്ന് മന്ത്രിയെ പുറത്താക്കിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ (Bhagwant Mann) പ്രശംസിച്ച് എഎപി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ (Arvind Kejriwal). രാജ്യത്ത് എവിടെയും ഇത്ര കർശനമായതും സത്യസന്ധവുമായ സർക്കാർ ഇല്ലെന്നും ഇത്തരമൊരു സർക്കാറിനെ നൽകാൻ തന്റെ പാർട്ടിക്ക് മാത്രമേ കഴിയൂവെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഭഗവന്ത്, നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. നിങ്ങളുടെ പ്രവൃത്തി എന്റെ കണ്ണുകളെ ഈറനണിയിച്ചു. രാജ്യം മുഴുവൻ എഎപിയിൽ അഭിമാനിക്കുന്നു. രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു- കെജ്രിവാൾ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പഞ്ചാബ് ആരോഗ്യമന്ത്രിയായിരുന്ന വിജയ് സിംഗ്ലയെയാണ് പഞ്ചാബ് മുഖ്യമന്ത്രി പുറത്താക്കിയത്. പദ്ധതികൾ പൂർത്തിയാക്കാൻ ഒരു ശതമാനം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം.
പഞ്ചാബിൽ എഎപി സർക്കാർ അധികാരമേറ്റ് രണ്ട് മാസം തികയുന്നതിന് മുമ്പാണ് മന്ത്രിക്കെതിരെ കടുത്ത നടപടി. മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ആന്റി കറപ്ഷൻ ബ്യൂറോ മന്ത്രിയെ കസ്റ്റഡിയിലെടുത്തു.
ഒരു ശതമാനം അഴിമതി പോലും വെച്ചുപൊറുപ്പിക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് പ്രതീക്ഷയോടെയാണ് ജനങ്ങൾ എഎപി സർക്കാരിന് വോട്ട് ചെയ്തത്, നമ്മൾ അതിനനുസരിച്ച് ജീവിക്കണം. ഭാരതമാതാവിന് അരവിന്ദ് കെജ്‌രിവാളിനെപ്പോലെ ഒരു മകനും ഭഗവന്ത് മന്നിനെപ്പോലെ ഒരു സൈനികനും ഉള്ളിടത്തോളം കാലം അഴിമതിക്കെതിരായ മഹത്തായ യുദ്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam