
ദില്ലി: ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന ബിജെപി കുത്തക അവസാനിപ്പിച്ച് രാജ്യതലസ്ഥാനത്തെ കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതോടെ ദില്ലി മുഖ്യമന്ത്രിക്ക് ഡബിൾ എഞ്ചിൻ പവർ കിട്ടിയ അവസ്ഥയാണ്. നേരത്തെ തന്നെ രാജ്യത്തെ പ്രതിപക്ഷ നിരയുടെ പ്രധാനമുഖം താനാണെന്ന് പ്രഖ്യാപിച്ചുവന്നിരുന്ന കെജ്രിവാളിന് ഇന്ദ്രപ്രസ്ഥത്തിലെ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല. ദില്ലിക്ക് പുറത്ത് പഞ്ചാബിൽ കൂടി അധികാരത്തിലേറിയതുമുതൽ കോൺഗ്രസിന് ബദലാണ് തങ്ങളെന്ന് എ എ പി പ്രവർത്തകരും നേതാക്കളും പറഞ്ഞുതുടങ്ങിയിരുന്നു. ഇപ്പോൾ ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ കൂടി പിടിച്ചെടുത്തതോടെ അവരുടെ വാദത്തിന് ബലം കൂടും. ബിജെപിയിൽ നിന്നാണ് അധികാരം പിടിച്ചെടുത്തത് എന്നതും എ എ പിക്ക് മുതൽക്കൂട്ടാണ്. കോൺഗ്രസാകട്ടെ ദില്ലിയിൽ നിലംപരിശായ അവസ്ഥയിലാണ്.
ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ചാണ് ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടി അധികാരം പിടിച്ചെടുത്തത്. 15 വർഷം ദില്ലി ഭരിച്ച ബി ജെ പിയാകട്ടെ 104 സീറ്റിലേക്കാണ് വീണത്. കോൺഗ്രസിന്‍റെ അവസ്ഥയാണ് ഏറ്റവും ദയനിയം. ഒരു തിരിച്ചുവരവ് സ്വപ്നം കാണുന്ന കോൺഗ്രസ് കേവലം ഒമ്പത് സീറ്റിലേക്കാണ് ചുരുങ്ങിയത്. അതുകൊണ്ടുതന്നെ തിരിച്ചുവരവിനായി ഏറെ കാലം കാത്തിരിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് കോൺഗ്രസ് നേതൃത്വത്തിന് ഇപ്പോൾ ഉണ്ടാകുക. എന്നാൽ എ എ പിയെ സംബന്ധിച്ച് തിളിക്കം വർധിക്കുകയാണ്. പാർട്ടി രൂപീകരിച്ച് ഒരു വർഷം പിന്നിടുമ്പോൾ ദില്ലി നിയമസഭയിൽ വിജയിച്ച് അധികാരം നേടിയ എ എ പി, ദില്ലി കോർപ്പറേഷൻ കൂടി നേടിയതോടെ ഡബിൾ എഞ്ചിൻ എഫ്ക്ടിലാണ്.
ഞെട്ടിച്ച് കോൺഗ്രസ്, നാളെ ഫലം വരാനിരിക്കെ കൂട്ട നടപടി, 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി
നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിന്‍റെ ഭാവി പദ്ധതികൾക്ക് ഊർജ്ജം നല്‍കും. കേന്ദ്ര സർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയാണ് എ എ പി ഈ വിജയം നേടുന്നത്. പ്രചാരണത്തിനിടെ ആരോപണങ്ങളുടെ കൊടുങ്കാറ്റാണ് എ എ പിക്ക് നേരിടേണ്ടിവന്നത്. സാമ്പത്തിക ക്രമക്കേട് കേസിൽ ജയില്‍ കഴിയുന്ന സത്യേന്ദർ ജയിനിന്‍റെ ദൃശ്യങ്ങളടക്കം പ്രചാരണത്തിൽ ബി ജെ പി ആയുധമാക്കിയിരുന്നു. മദ്യനയ കേസിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ബി ജെ പിക്കായി. മനീഷ് സിസോദിയയെ സി ബി ഐ ചോദ്യം ചെയ്തതടക്കമുള്ള വിഷയങ്ങൾ പ്രചരണത്തിൽ ആയുധമാക്കി. ഇത്രയേറെ ആരോപണങ്ങൾ നേരിട്ടിട്ടും തിളക്കമാർന്ന വിജയത്തോടെ അധികാരത്തിലേറിയത് ബി ജെ പിയെ നേരിടാനുള്ള കരുത്ത് എ എ പിക്ക് ഉണ്ട് എന്ന സന്ദേശം നല്‍കുന്നതാണ്. ഗുജറാത്തിൽ അക്കൗണ്ട് തുറക്കുകയോ, കൂടുതൽ സീറ്റ് നേടുകയോ കൂടി ചെയ്താൽ കെജ്രിവാൾ കൂടുതൽ കരുത്തനാകും. പിന്നെ രണ്ടായിരത്തി ഇരുപത്തി നാല് ലക്ഷ്യമാക്കി നീങ്ങാം.
ദില്ലി കോർപ്പറേഷൻ ഫലം തെളിയിക്കുന്നത് മധ്യവർഗം എ എ പിക്ക് അനുകൂലമായി വിധി എഴുതി എന്നതാണ്. മധ്യവർഗ്ഗം തിങ്ങിപാർക്കുന്ന സ്ഥലങ്ങളിലും തിരിച്ചടിയേറ്റത് ബി ജെ പിയെ തെല്ലൊന്നുമാകില്ല അസ്വസ്ഥമാക്കുക. ബി ജെ പി കേന്ദ്രനേതാക്കൾക്കുള്ള കൃത്യമായ സന്ദേശം കൂടിയാണിതെന്നാണ് വിലയിരുത്തലുകൾ. വിലക്കയറ്റവും സൗജന്യങ്ങൾക്കെതിരായ നിലപാടും പാവപ്പെട്ടവരും തൊഴിലാളികളും ബി ജെ പിക്കെതിരെ ജനം തിരിയാൻ കാരണമായി. ഒരിക്കൽ ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസ് ചില പോക്കറ്റുകളിൽ ഒഴികെ തകർന്നടിയുകയാണ്. തദ്ദേശഭരണ സ്ഥാപനത്തിലേക്കുള്ള മത്സരം എങ്കിലും ദേശീയ രാഷ്ട്രീയത്തിന് കൂടി ചില സൂചനകൾ നല്‍കുന്നതാണ് ദില്ലിയിലെ ഈ ഫലം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam