
ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ എഎപിയെ വിജയത്തിലെത്തിച്ചാല്‍ അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് സൌജന്യ യാത്രയെന്ന് വാഗ്ദാനവുമായി അരവിന്ദ് കേജ്രിവാള്‍. ഒറ്റ വോട്ട് പോലും കോണ്‍ഗ്രസിന് പോകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാമ ക്ഷേത്ര യാത്ര വാഗ്ദാനം. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ഗുരുതര ആരോപണവും കേജ്രിവാള്‍ നടത്തി. ദഹോദില്‍ നടന്ന സമ്മേളനത്തിലാണ് കേജ്രിവാളിന്‍റെ പ്രഖ്യാപനം. ഗുജറാത്തില്‍ മതപരിവര്‍ത്തന വിവാദവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ വന്നതിന് പിന്നാലെയാണ് കേജ്രിവാളിന്‍റെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാനിനൊപ്പമായിരുന്നു കേജ്രിവാളിന്‍റെ ഗുജറാത്ത് സന്ദര്‍ശനം. ഗുജറാത്തിലെ റോഡുകളുടെ മോശം അവസ്ഥയേക്കുറിച്ചും കേജ്രിവാള്‍ സമ്മേളനത്തില്‍ ആഞ്ഞടിച്ചു. ഗുജറാത്തിലെ റോഡുകള്‍ മികച്ചതാണെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ഇപ്പോഴുള്ള മോശം റോഡുകള്‍ മൂലം ഒരു മണിക്കൂര്‍ സമയമുള്ള യാത്ര മൂന്ന് മണിക്കൂറായി. ഡിസംബര്‍ 1ന് എഎപി അധികാരത്തിലെത്തുമ്പോള്‍ ആദ്യം ചെയ്യുക പ്രധാന റോഡിലെ അറ്റകുറ്റ പണികള്‍ ആറുമാസത്തിനുള്ളില്‍ ചെയ്യും. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ റോഡുകളും പുനരുദ്ധരിക്കുമെന്നും കേജ്രിവാള്‍ പറഞ്ഞു. വഡോദരയില്‍ എഎപി ബിജെപി സംഘര്‍ഷത്തിലേക്ക് നയിച്ച എഎപി വിരുദ്ധ പോസ്റ്ററുകളേക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു കേജ്രിവാളിന്‍റെ പ്രസംഗം.
അയോധ്യയിലെ രാമക്ഷേത്രം അടുത്തവര്‍ഷം തയ്യാറാകും. ദില്ലിയില്‍ രാമഭക്തരെ അയോധ്യയിലേക്ക് സൌജന്യമായി കൊണ്ടുപോകുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. വീട്ടില്‍ നിന്ന് രാമഭക്തരെ കൂട്ടിക്കൊണ്ട് പോയി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലെത്തിക്കുന്നത് വരെയുള്ള സകല കാര്യങ്ങളും സൌജന്യമായി നല്‍കുന്നതാണ് പദ്ധതി. ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിങ്ങളേയും ഇത്തരത്തില്‍ അയോധ്യയിലേക്ക് സൌജന്യമായി കൊണ്ടുപോകാമെന്നും കേജ്രിവാള്‍ വാഗ്ദാനം ചെയ്തു.
സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് പത്തില്‍ താഴെ സീറ്റുകളാണ് ലഭിക്കുക. കോണ്ഗ്രസിന് ഒറ്റ വോട്ട് പോലും നല്‍കരുതെന്നും കേജ്രിവാള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലേക്കുള്ള എല്ലാ വോട്ടുകളും എഎപിയിലേക്ക് എത്തണമെന്നും കേജ്രിവാള്‍ ഗുജറാത്തില്‍ നടന്ന സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam