
ദില്ലി : വിവാദത്തിനിടെ പ്രതികരണവുമായി ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മരുന്ന് കമ്പനി മെയ്ഡൻ ഫാർമസ്യൂട്ടിക്കല്‍സ്. ഇന്ത്യയില്‍ തങ്ങളുടെ മരുന്നുകള്‍ വില്‍ക്കുന്നില്ലെന്നും കയറ്റുമതി മാത്രമാണ് ചെയ്യുന്നതെന്നും മെയ്ഡൻ ഫാർമസ്യൂട്ടിക്കല്‍സ് പ്രസ്താവനയില്‍ പറഞ്ഞു. സർക്കാർ ഏജൻസികള്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതിന്‍റെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും മെയ്ഡൻ ഫാർമസ്യൂട്ടിക്കല്‍സ് വ്യക്തമാക്കി. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതൽ പ്രതികരണത്തിനില്ലെന്നും കമ്പനി പറഞ്ഞു.
66 കുഞ്ഞുങ്ങളെ കൊന്ന മരുന്ന്! ഗുണനിലവാരമില്ലെന്ന് കേരളം കേന്ദ്രത്തോട് അന്നേ പറഞ്ഞു, എന്നിട്ടോ?
കമ്പനിയുടെ നാല് കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന ലോകാരോഗ്യ സംഘടനയുടെ ആരോപണം വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ സോനേപഥിലുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ പീഡിയാട്രിക് വിഭാഗത്തില്‍ ഉപയോഗിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ കഫ്സിറപ്പുകൾക്കെതിരെയാണ് അന്വേഷണം.
കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ ഗ്ലൈകോൾ എന്നിവ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമായത്. മരുന്നുകൾ പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള രാജ്യമായ ഗാംബിയയിലേക്ക് മാത്രമേ കയറ്റിവിട്ടിട്ടുള്ളു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇതാണ് കമ്പനിയും വിശദീകരിക്കുന്നത്.