
ദില്ലി : മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹൈക്കോടതിയിൽ ഹർജി നൽകി. അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. അതേസമയം, കെജ്രിവാളിന്‍റെ ഹർജി അടിയന്തിരമായി കേൾക്കാനുള്ള ആവശ്യം ദില്ലി ഹൈക്കോടതി നിരസിച്ചു. ഹര്‍ജി ബുധനാഴ്ച്ച പരിഗണിക്കുമെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. ഇതിനിടെ, അരവിന്ദ് കെജ്രിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത കെജ്രിവാൾ ഇഡി ഓഫീസിലെത്തി. രാത്രി എട്ടോടെയാണ് സുനിത ഇഡി ഓഫീസിലെത്തിയത്. അല്‍പസമയത്തിനുശേഷം സുനിത മടങ്ങി. മദ്യകേസിൽ കൂടുതൽ സ്ഥലങ്ങളിൽ ഇ ഡി പരിശോധന വ്യാപിപ്പിക്കുകയാണ്. കെ.കവിതയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എം എൽ എ ഗുലാം സിങ്ങിൻ്റെ വീട്ടിലുമാണ് ഇന്ന് പരിശോധന നടന്നത്.
പാർട്ടിയുടെ ഗുജറാത്ത് ഇൻ ചാർജ്ജാണ് ഗുലാബ് യാദവ്.കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കേജ്രിവാള്‍ പറഞ്ഞെന്ന കേസിലെ സാക്ഷി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇ ഡി ആയുധമാക്കുകയാണ്. കെ കവിതയുടെ കസ്റ്റഡി ഈ മാസം 26 വരെ നീട്ടിയ സാഹചര്യത്തിൽ ഇരുവരയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യൽ നടത്തും. ഇതിനിടെ പഞ്ചാബിലെ മദ്യനയത്തിലും ഇഡി അന്വേഷണം നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അതേ സമയം, നിലവിൽ ഇഡി കസ്റ്റഡിയിലുളള കെജ്രിവാളിനെ സിബിഐയും കസ്റ്റഡിയിൽ വാങ്ങും. മദ്യനയ കേസിൽ ആദ്യം കേസ് എടുത്തതും അന്വേഷണം തുടങ്ങിയതും സിബിഐ ആണ്.ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ കെജ്രിവാളിനെ പത്തു ദിവസത്തെ വേണമെന്നാവശ്യപ്പെട്ട് സിബിയുംഐ വിചാരണക്കോടതിയിൽ അപേക്ഷ നൽകും.ഇതോടെ മാസങ്ങളോളം ഏജൻസികളുടെ കസ്റ്റഡിയിൽ കെജ്രിവാൾ തുടരാനാണ് സാധ്യത. എന്നാല്‍ കേസിലെ അന്വേഷണവുമായി മുന്നോട്ട് പോയത് ഇഡിയാണ്. കള്ളപ്പണ ഇടപാടിൽ കെജ്രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വാങ്ങിയതോടെ വീണ്ടും കേസിലേക്ക് രംഗ പ്രവേശനം ചെയ്യാൻ ഒരുങ്ങുകയാണ് സിബിഐ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam