
ദില്ലി: രാംലീല മൈതാനത്ത് പതിനായിരങ്ങളെ സാക്ഷി നിർത്തിയായിരുന്നു ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ മൂന്നാമതും ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രമുഖരായ നിരവധി പേരും ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളായെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചടങ്ങിൽ ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകൾ കാരണം അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചില്ല. എന്നാൽ കെജ്രിവാളിന് മോദി ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചിരുന്നു.
മോദിയുടെ ട്വീറ്റും ഇതിന് അരവിന്ദ് കെജ്രിവാൾ നൽകിയ മറുപടിയുമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ദില്ലി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കെജ്രിവാളിന് എല്ലാവിധ ആശംസകളും എന്നായിരുന്നു മോദി ട്വീറ്റ് ചെയ്തിരുന്നത്.
'പ്രധാനമന്ത്രിയുടെ ആശംസകൾക്ക് വളരെയധികം നന്ദി, താങ്കളും കൂടെ ചടങ്ങിൽ പങ്കെടുത്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ നിങ്ങളുടെ തിരക്കുകൾ എനിക്ക് മനസിലാക്കാൻ സാധിക്കും. നമുക്ക് ഒരുമിച്ച് പ്രവർത്തിച്ച് എല്ലാ ഇന്ത്യക്കാരുടെയും അഭിമാന നഗരമായി ദില്ലിയെ മാറ്റാം,'-എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി.
വാരാണസി സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായാണ് മോദി കഴിഞ്ഞ ദിവസം വാരാണസിയിൽ എത്തിയത്.
കഴിഞ്ഞ തവണ 67 സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിർത്തിയത്. ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റിൽ നിന്ന് എട്ട് സീറ്റിലേക്ക് ഉയർന്നെങ്കിലും തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam