പശ്ചിമേഷ്യയിലെ യുദ്ധം കാരണം കടുത്ത ഇന്ധനക്ഷാമം നേരിടുകയാണ് ബംഗ്ലാദേശ്. പ്രതിസന്ധി മറികടക്കാൻ 50,000 മെട്രിക് ടൺ ഡീസൽ അധികമായി നൽകണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
ധാക്ക: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും ഹോർമുസ് കടലിടുക്കിലെ എണ്ണനീക്കത്തിലുണ്ടായ തടസ്സങ്ങളും ബംഗ്ലാദേശിനെ കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. രാജ്യത്തെ എണ്ണ സംഭരണം ഉറപ്പുവരുത്താനും ക്ഷാമം ഒഴിവാക്കാനുമായി ഇന്ത്യയോട് അധികമായി ഡീസൽ നൽകണമെന്ന് ബംഗ്ലാദേശ് അഭ്യർത്ഥിച്ചു.
മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിലേക്ക് 50,000 മെട്രിക് ടൺ ഡീസൽ അധികമായി നൽകണമെന്നാണ് ബംഗ്ലാദേശ് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 9-ന് ബംഗ്ലാദേശ് ധനമന്ത്രി അമീർ ഖസ്റു മഹ്മൂദ് ചൗധരിയും ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയും തമ്മിൽ നടന്ന ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലവിൽ ഒരു ഡീസൽ വിതരണ കരാർ നിലനിൽക്കുന്നുണ്ട്. ഈ കരാറിൻ്റെ ഭാഗമായി അസമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്ന് പൈപ്പ്‌ലൈൻ വഴി 5,000 മെട്രിക് ടൺ ഡീസൽ ബംഗ്ലാദേശിലേക്ക് അയച്ചിട്ടുണ്ട്. 'ഇന്ത്യ-ബംഗ്ലാദേശ് മൈത്രി പൈപ്പ്‌ലൈൻ' എന്നറിയപ്പെടുന്ന ഈ പൈപ്പ്‌ലൈൻ വഴി വടക്കൻ ബംഗ്ലാദേശിലെ ദിനാജ്‌പുരിലുള്ള പർബതിപുർ ഡിപ്പോയിലേക്കാണ് ഇന്ധനം എത്തുന്നത്. ഇന്ത്യൻ ഓയിലിൽ നിന്ന് 30,000 മെട്രിക് ടൺ ഡീസൽ കൂടി അധികമായി വാങ്ങുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കരാർ പ്രകാരം ആറ് മാസം കൊണ്ട് ഇന്ത്യ 90,000 ടൺ ഡീസലാണ് ബംഗ്ലാദേശിന് നൽകേണ്ടത്. എന്നാൽ ഇത് അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ നൽകണമെന്നാണ് ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ്റെ ആവശ്യം.
എണ്ണക്ഷാമം രൂക്ഷമായതോടെ ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈദ്യുതി, ഇന്ധന ഉപയോഗം കുറയ്ക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ സർവകലാശാലകൾക്കും തിങ്കളാഴ്ച മുതൽ അവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ ഈദ് അവധി നേരത്തെയാക്കുകയായിരുന്നു. പെട്രോൾ പമ്പുകളിൽ ഇന്ധനം നൽകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ഉത്പാദനത്തിനും ഗതാഗതത്തിനും പ്രധാനമായും ഇറക്കുമതി ചെയ്യുന്ന എണ്ണയെയാണ് ബംഗ്ലാദേശ് ആശ്രയിക്കുന്നത്.


