
ദില്ലി: കോൺഗ്രസിന്റെ പിന്തുണയില്ലാതെ തന്നെ ദില്ലിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലും ആം ആദ്മി ജയിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അറിയിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രസ്താവന.
'സഖ്യത്തിന് കോൺഗ്രസില്ലെന്നാണ് മാധ്യമങ്ങളിലൂടെ ഞങ്ങൾ അറിഞ്ഞത്. ദില്ലിയിലെ കോൺഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്തും ഇതേ കാര്യം തന്നെ പറഞ്ഞു. ഞങ്ങൾ നടത്തിയ സർവേ പ്രകാരം ആം ആദ്മി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളും സ്വന്തമാക്കും. കോൺഗ്രസിന്റെ സഹായമില്ലാതെ തന്നെ എഎപി വിജയം കരസ്ഥമാക്കും'- കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എഎപിയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അറിയിച്ചത്. ദില്ലിയിലെ ഏഴ് ലോക്സഭാ സീറ്റുകളും സ്വന്തമാക്കാൻ പ്രവർത്തിക്കണമെന്നും രാഹുൽ പ്രവർത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കോൺഗ്രസിന് മാത്രമേ ഇന്ത്യ ഒട്ടാകെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയുള്ളുവെന്നും രാഹുൽ പ്രവർത്തകരോട് പറഞ്ഞു.
മുൻപും കോൺഗ്രസിനെതിരെ വിമർശനവുമായി കെജ്രിവാൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന് അഹങ്കാരമാണെന്നും അവരുടെ സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച തുക പോലും തിരികെ ലഭിക്കില്ലന്നും കെജ്രിവാൾ പറഞ്ഞിരുന്നു. എഎപിക്ക് മാത്രമേ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുകയുള്ളുവെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam