മണിക്കൂറുകള്‍ക്കകം അഭിനന്ദനെ ഇന്ത്യയിലെത്തിച്ചതിന് പിന്നില്‍ ഒരു അമേരിക്കന്‍ ഫോണ്‍ കോള്‍

By Web TeamFirst Published Mar 12, 2019, 5:38 PM IST
Highlights

പാകിസ്ഥാന്‍റെ വ്യോമാക്രമണം ചെറുക്കുന്നതിടെ  പാക് സൈന്യത്തിന്‍റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്നതില്‍ അമേരിക്കയും പ്രധാന പങ്കുവഹിച്ചെന്ന് റിപ്പോര്‍ട്ട്.

വാഷിങ്ടണ്‍: പാകിസ്ഥാന്‍റെ വ്യോമാക്രമണം ചെറുക്കുന്നതിടെ  പാക് സൈന്യത്തിന്‍റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്നതില്‍ അമേരിക്കയും പ്രധാന പങ്കുവഹിച്ചെന്ന് റിപ്പോര്‍ട്ട്. വിവിധ കേന്ദ്രങ്ങളുടെ വിവരങ്ങളെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

യുഎസ് കമാന്‍ഡര്‍ ജനറല്‍ ജനറല്‍ ജോസഫ് വോട്ടല്‍ പാകിസ്ഥാന്‍ ആര്‍മി മേധാവി ജനറല്‍ ക്വമര്‍ ജാവേദ് ബജ്വയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്‍റെ തുടര്‍ച്ചയായാണ് അഭിനന്ദനെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനം ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിന് വോട്ടലും മറ്റ് അമേരിക്കന്‍ ഉദ്യോഗസ്ഥരെയും വിളിച്ച് ആവശ്യം ഉന്നയിച്ചത് അജിത് ദോവലാണ്.

പാകിസ്ഥാന്‍ ആര്‍മി ചീഫുമായും അമേരിക്കയുമായുള്ള ആശയ കൈമാറ്റങ്ങള്‍ നടത്തുന്നത്  കമാന്‍ഡര്‍ ജോസഫ് വോട്ടലാണ്. അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും താലിബാനെതിരായ നയതന്ത്രപരാമായ  ഇടപെടലുകള്‍ നടത്തുന്നതും വോട്ടലാണ്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും വോട്ടലും തമ്മില്‍ നിരന്തര സമ്പര്‍ക്കമുണ്ട്.  ജോണ്‍  ബോള്‍ട്ട് ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന ആളാണ്.   ഈ ബന്ധങ്ങള്‍ വഴി നടത്തിയ ഇടപെടലുകളാണ് അഭിനന്ദനെ വിട്ടയക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം തന്നെ വോട്ടല്‍  അമേരിക്കന്‍ ജോയിന്‍റ് ചീഫ് ഓഫ്  സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് വഴി പാകിസ്ഥാന്‍റെ അതേ സ്ഥാനത്തിരിക്കുന്ന ജനറല്‍ സുബൈര്‍ മഹമ്മൂദ് ഹയാത്തിനെയും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയുടെ വിവിധ സംവിധാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കടുത്ത സമ്മര്‍ദ്ദം പാകിസ്ഥാനുമേല്‍ ചെലുത്തിയതായി വ്യക്തമാക്കുന്നു.

ആദ്യ ഘട്ടത്തില്‍ അഭിനന്ദന്‍ വിലപേശലിനുള്ള വലിയ ഉപാധിയായി പാകിസ്ഥാന്‍ കണ്ടിരുന്നു. എന്നാല്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ നിരന്തരം പാകിസ്ഥാനുമേല്‍ വരുത്താന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് രണ്ടാം ഘട്ടത്തില്‍ അഭിനന്ദന്‍ സുഖമായി ഇരിക്കുന്നു എന്ന തരത്തില്‍ വീഡിയോ പുറത്തുവിടാന്‍പോലും പാകിസ്ഥാന്‍ നിര്‍ബന്ധിതരായത്. 

അവസാന നിമിഷം അഭിനന്ദന്‍റെ കൈമാറാമെന്ന് സമ്മതിച്ചപ്പോഴും പാകിസ്ഥാന്‍ അത് പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതും ഇല്ലാതാക്കിയത് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ശക്തമായ നയതന്ത്ര ഇടപെടലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാണ് അമേരിക്കയെ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇടപെടലുകള്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

click me!