
ദില്ലി: ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ പ്രതികരണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഞങ്ങൾ കുട്ടികൾക്ക് പേനകൾ നൽകുമ്പോൾ ചിലർ തോക്കുകളാണ് നൽകുന്നതെന്ന് കെജ്രിവാൾ പറഞ്ഞു.
"ഞങ്ങളുടെ പാർട്ടി കുട്ടികൾക്ക് പേനകളും കമ്പ്യൂട്ടറുകളും നൽകുന്നു.അവരെ സംരഭകത്വത്തെ കുറിച്ച് സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, മറ്റ് ചിലർ കുട്ടികൾക്ക് തോക്കുകൾ നൽകുകയും അവരിൽ വിദ്വേഷം നിറക്കുകയും ചെയ്യുന്നു"- അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഐടി-ടെക് കോൺഫറൻസിനെ അഭിസംബോധന ചെയ്യുന്ന ദില്ലി സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിയുടെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ സര്‍വകലാശായിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിവെപ്പ് നടന്നത്. സര്‍വകലാശായിലെ ഒരു വിദ്യാര്‍ത്ഥിക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് കെജ്രിവാൾ രംഗത്തെത്തിയിരിക്കുന്നത്.
പൊലീസ് ബാരിക്കേഡുകള്‍ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തു വരുന്നതിനിടെ എതിര്‍ദിശയിലൂടെ തോക്കുമായി നടന്നു വന്ന യുവാവ്, ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. അതേസമയം, വെടിയുതിര്‍ത്തത് 17 വയസ് മാത്രമുള്ള പ്ലസ് വൺ വിദ്യാര്‍ത്ഥിയാണെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam