
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് താനും കൊല്ലപ്പെടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഭാരതീയ ജനതാ പാർട്ടി തന്റെ പുറകേ തന്നെയുണ്ടെന്നും, ഒരു ദിവസം അവർ തന്നെ കൊല്ലുമെന്നും ആംആദ്മി പാർട്ടിയുടെ തലവൻ കൂടിയായ അദ്ദേഹം പറഞ്ഞു.
തന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരൻ ബിജെപിക്ക് തന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നയാളാണെന്ന് ദില്ലി മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണത്തെ തള്ളി ദില്ലി പൊലീസ് രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത് ജോലിയിൽ ആത്മാർത്ഥതയുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണെന്ന് ദില്ലി പൊലീസ് പ്രതികരിച്ചു. ദില്ലി പൊലീസ് ദില്ലി മുഖ്യമന്ത്രിക്ക് മാത്രമല്ല സുരക്ഷയൊരുക്കുന്നതെന്നും നിരവധി പ്രമുഖ വ്യക്തികൾക്ക് സുരക്ഷയൊരുക്കുന്നുണ്ടെന്നും ദില്ലി പൊലീസ് വക്താവ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
ദില്ലി മോത്തി നഗറിൽ ഈ മാസമാദ്യം റോഡ് ഷോയ്ക്കിടെ അരവിന്ദ് കെജ്രിവാൾ ആക്രമിക്കപ്പെട്ടിരുന്നു. ചുവന്ന ടീ ഷർട്ട് ധരിച്ച വ്യക്തി ജനങ്ങൾക്കിടയിൽ നിന്നും അരവിന്ദ് കെജ്രിവാൾ സഞ്ചരിച്ച തുറന്ന വാഹനത്തിന്റെ മുകളിലേക്ക് ചാടി കയറി മുഖത്തടിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam