
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് കൊവിഡ് ഇല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കെജ്‍രിവാള്‍ ഇന്നലെ സ്വയം നീരീക്ഷണത്തിലേക്ക് മാറിയിരുന്നു. മുഖ്യമന്ത്രിക്ക് നേരിയ പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതോടെയാണ് നിരീക്ഷണത്തിലേക്ക് മാറിയത്. ഡോക്ടർമാരുടെ പ്രത്യേക നിര്‍ദേശവും ഉണ്ടായിരുന്നു. കെജ്‍രിവാളിന് ഞായറാഴച് മുതല്‍ പനിയുണ്ടായിരുന്നു.
സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചാണ് കെജ്‍രിവാള്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഒപ്പം ദില്ലി സെക്രട്ടറിയേറ്റിലും എത്തിയിരുന്നു.
പ്രമേഹരോഗിയായതിനാല്‍ കെജ്‍രിവാളിനോട് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനയില്‍ നെഗറ്റീവ് ആയെങ്കിലും മീറ്റിംഗുകളില്‍ പങ്കെടുക്കരുതെന്നും വിശ്രമിക്കണമെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അതേസമയം, ദില്ലിയിലെ ആശുപത്രികളിൽ ദില്ലിക്കാർക്ക് മാത്രമായി ചികിത്സ പരിമിതിപ്പെടുത്തി കൊണ്ടുള്ള സർക്കാർ ഉത്തരവും ഇന്നലെ പുറത്തിറങ്ങി.
ചികിത്സ സമയത്ത് ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളും സർക്കാർ പുറത്തിറക്കി, വോട്ടർ ഐഡി, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഏറ്റവും ഒടുവിൽ അടച്ച വാട്ടർ വൈദ്യുതി,ടെലഫോൺ ബില്ലുകൾ ജൂൺ ഏഴിന് മുൻപുള്ള ആധാർ കാർഡ് ഇവ ഏതെങ്കിലും ഒന്ന് ചികിത്സ കിട്ടാനായി ഹാജരാക്കണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam