
ദില്ലി: സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി പ്രാവർത്തികമായതിന് പിന്നാലെ പ്രതികരണമറിയാൻ ബസിൽ യാത്ര ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിലെ വനിതാ യാത്രക്കാർ വളരെ സന്തോഷവതികളാണെന്ന് കെജ്രിവാൾ പറഞ്ഞു. ചൊവ്വാഴ്ച മുതലാണ് ദില്ലിയിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചത്.
'സ്ത്രീകളിൽ നിന്ന് നേരിട്ട് പ്രതികരണമറിയാൻ ഞാൻ കുറച്ച് ബസുകളിൽ കയറി. വിദ്യാർത്ഥികൾ, ജോലി ചെയ്യുന്ന സ്ത്രീകൾ, ഷോപ്പിംഗിന് പോകുന്ന സ്ത്രീകൾ തുടങ്ങിയവരെ കണ്ടുമുട്ടി. അവരെല്ലാവരും സന്തോഷത്തിലാണ്'- ബസിൽ യാത്ര ചെയ്തതിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
'ഇന്ന് ദില്ലിയിലെ ഞങ്ങളുടെ എല്ലാ സഹോദരിമാരും വിഐപികളായി. എഎൽഎമാരും എംപിമാരുമാണ് സൗജന്യമായി യാത്ര ചെയ്തിരുന്നത്. ഇപ്പോൾ സ്ത്രീകൾക്കുള്ള യാത്രയും സൗജന്യമാണ്'- കെജ്രിവാൾ മറ്റൊരു ട്വീറ്റിൽ കുറിച്ചു.
സൗജന്യ യാത്രാ പദ്ധതി “തെരഞ്ഞെടുപ്പ് സ്റ്റണ്ട്” ആണെന്ന പ്രതിപക്ഷത്തിന്റെ വാദത്തിനെ പറ്റിയും കെജ്രിവാൾ പ്രതികരിച്ചു. 'ഈ പദ്ധതി സ്ത്രീകൾക്ക് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്, ധാരാളം വനിതാ യാത്രക്കാർ അനുകൂലമായ പ്രതികരണം നൽകി. എന്തിന് വേണ്ടിയാണ് പദ്ധതിയെ എതിർക്കുന്നത്? അവർ അതിനെ പിന്തുണയ്ക്കണം'- കെജ്രിവാൾ പറഞ്ഞു. വനിതകൾക്ക് സൗജന്യ യാത്രാ പദ്ധതി തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് കഴിഞ്ഞ ദിവസം ദില്ലിയിലെ ബിജെപി മേധാവി മനോജ് തിവാരി പറഞ്ഞിരുന്നു.
'കെജ്രിവാളിന്റെ ഈ തീരുമാനം ഒരു തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. നഗരത്തിലെ സ്ത്രീകൾക്ക് വേണ്ടി ഇത്രയും മാസങ്ങളായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കേയാണ് കെജ്രിവാൾ ഈ തീരുമാനം എടുത്തിരിക്കുന്നത്'- എന്നായിരുന്നു മനോജ് തിവാരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞത്.
ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷ മുന്‍കരുതലിന്‍റെ ഭാഗമായാണ് സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ആരംഭിച്ചത്. പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും. ദില്ലിക്ക് ഇത് ചരിത്ര നിമിഷം എന്നായിരുന്നു ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോട്ട് പ്രതികരിച്ചിരുന്നത്. ജൂണിലാണ് ബസുകളിലും ദില്ലി മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam