പ്രതിഷേധ റാലിയ്ക്കിടെ ട്രാഫിക് നിയന്ത്രിക്കാൻ സഹായിച്ച് അസദുദീൻ ഒവൈസി

By Web TeamFirst Published Jan 11, 2020, 10:58 AM IST
Highlights

'ഞങ്ങൾ ത്രിവർണപതാക കൈകളിലേന്തിയത് മഹാത്മാ ​ഗാന്ധിയുടെയും അംബേദ്കറിന്റെ ആശയങ്ങൾ പൂർത്തീകരിക്കാൻ വേണ്ടിയാണ്.' ഒവൈസി പറഞ്ഞു. 

പൗരത്വ നിയമ ഭേദ​ഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ നടത്തിയ റാലിയിൽ ​ഗതാ​ഗതക്കുരുക്ക് നിയന്ത്രിക്കാൻ സഹായിച്ച്  ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ​ഹൈദരാബാദിലാണ് പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് പൗരത്വ നിയമ ഭേദ​ഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ തിരം​ഗ യാത്ര നടത്തിയത്. 

ഈ പ്രതിഷേധ റാലി രാഷ്ട്രീയപരമായിട്ടല്ലെന്നാണ് ഒവൈസിയുടെ നിലപാട്. ഇത് രാഷ്ട്രീയത്തിന്റെ പേരിലുള്ളതല്ല. നമ്മുടെ രാജ്യത്തിന്റെ കരുത്തായ ത്രിവർണ്ണപതാകയുമായിട്ടാണ് ഈ റാലി. ഈ ത്രിവർണപതാക കയ്യിലേന്തി നാഥുറാം ​ഗോഡ്സേയെ അഭിനന്ദിക്കാൻ മുദ്രാവാക്യം മുഴക്കുന്നവരോടാണ് ഞങ്ങൾക്ക് പറയാനുള്ളത്.  ഞങ്ങൾ ത്രിവർണപതാക കൈകളിലേന്തിയത് മഹാത്മാ ​ഗാന്ധിയുടെയും അംബേദ്കറിന്റെ ആശയങ്ങൾ പൂർത്തീകരിക്കാൻ വേണ്ടിയാണ്. ഒവൈസി പറഞ്ഞു. ഹൈദരാബാദിലെ തെരുവുകളിലൂടെ ദേശീയ പതാകയും കയ്യിൽ പിടിച്ച് നടന്ന  എല്ലാവരും സന്തോഷവാൻമാരായിരന്നു എന്നും ഒവെസി കൂട്ടിച്ചേർത്തു. 

ജനാധിപത്യത്തിന് കീഴിൽ, പ്രതിഷേധം മൗലികാവകാശങ്ങളിലൊന്നാണ്. എനിക്ക്  ആവിഷ്കരണ സ്വാതന്ത്ര്യമുണ്ട്. ഇന്റർനെറ്റ് മൗലികാവകാശമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാൻ ഭരണഘടനയിൽ വിശ്വസിക്കുകയും എന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. കോടതി തീരുമാനിക്കുന്ന വിഷയങ്ങളെ സ്വീകരിക്കാൻ തയ്യാറാണ്. ഒവെസി വ്യക്തമാക്കി. 

click me!