പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സംഘർഷം രൂക്ഷം. ബിഹാറിൽ ജോലിചെയ്യുന്ന നാട്ടുകാരനായ തൊഴിലാളിക്ക് മർദ്ദനമേറ്റതിനെ തുടർന്നുള്ള പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിലും ദേശീയ പാത ഉപരോധത്തിലും കലാശിച്ചു. സംഭവത്തിൽ 30 പേരെ കസ്റ്റഡിയിലെടുത്തു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ രൂക്ഷമായ സംഘർഷം നിയന്ത്രിക്കാൻ പൊലീസ് നടപടി കടുപ്പിച്ചു. സംഘർഷത്തിൽ ഇതിനകം മുപ്പതോളം പേരെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു. ബിഹാറിൽ ജോലി ചെയ്യുന്ന നാട്ടുകാരനായ ഒരു തൊഴിലാളിയെ ആൾക്കൂട്ടം മർദ്ദിച്ചതിനെച്ചൊല്ലി ഇന്നലെ ആരംഭിച്ച പ്രതിഷേധം ഇന്ന് പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിക്കുകയും തടയാനെത്തിയ പൊലീസുമായി സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടെ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. ഒരു വനിതാ മാധ്യമപ്രവർത്തകയ്ക്ക് സംഘർഷത്തിൽ സാരമായ പരിക്കേറ്റു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി മമതാ ബാനർജി ഇത്തരം അക്രമങ്ങളെ ന്യായീകരിക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു.
മോദി ബംഗാളിൽ, തൃണമൂലിന് വിമർശനം
പശ്ചിമ ബംഗാളിൽ മമത ബാനർജി സർക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം നടന്ന ബി ജെ പി പരിപാടിയിലായിരുന്നു മോദിയുടെ കടന്നാക്രമണം. രാജ്യത്തെ ബി ജെ പിയുടെ വിജയക്കുതിപ്പിനെ പരാമർശിച്ച പ്രധാനമന്ത്രി, തിരുവനന്തപുരം കോർപ്പറേഷനിലെ ചരിത്ര വിജയമടക്കം എടുത്തുപറഞ്ഞുകൊണ്ടാണ് സംസാരിച്ചത്. ജയിക്കില്ലെന്ന് കരുതിയ പലയിടങ്ങളിലും ബി ജെ പി വലിയ വിജയമാണ് നേടുന്നതെന്നും, രാജ്യത്തെ ജനങ്ങൾ ബി ജെ പിയുടെ വികസന മോഡലിൽ പൂർണ്ണമായി വിശ്വസിക്കുന്നുവെന്നും പറഞ്ഞു. ഇത്തവണ പശ്ചിമ ബംഗാളിലും ബി ജെ പി വലിയ വിജയം സ്വന്തമാക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബംഗാളിന്റെ പഴയ പ്രതാപം തിരികെ കൊണ്ടുവരാൻ ബി ജെ പി സർക്കാർ അധികാരത്തിൽ വരണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. തൃണമൂൽ കോൺഗ്രസിനെതിരെ അതിരൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കേന്ദ്ര സർക്കാർ പാവങ്ങൾക്കായി അയക്കുന്ന പണം തൃണമൂൽ കോൺഗ്രസ് കവർച്ച ചെയ്യുകയാണെന്നും അവർ ബംഗാളിലെ ജനങ്ങളുടെ ശത്രുവാണെന്നും മോദി ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാനാണ് തൃണമൂൽ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ഇത്തരം നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കേണ്ടത് അനിവാര്യമാണെന്ന് മോദി ആവശ്യപ്പെട്ടു. ബംഗാളിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്നും ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് സർക്കാരിന് യാതൊരു ചിന്തയുമില്ലെന്നും മോദി കുറ്റപ്പെടുത്തി.


