'ബാബറിൻ്റെ നാട്ടുകാർ മോദിയെ ആദരിക്കുന്നു; പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാൻ്റെ പരമോന്നത ബഹുമതി ലഭിച്ചതിൽ പരിഹാസവുമായി ഒവൈസി

Published : Aug 31, 2026, 09:18 AM IST
Owaisi on Modi

Synopsis

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാൻ്റെ പരമോന്നത ബഹുമതി ലഭിച്ചതിൽ പരിഹാസവുമായി അസദുദ്ദീൻ ഒവൈസി. ബാബറിൻ്റെ നാട്ടുകാരാണ് മോദിയെ ആദരിച്ചതെന്ന് പറഞ്ഞ ഒവൈസി, ഇനിയെങ്കിലും സംഘപരിവാർ ബാബറിനെ അധിക്ഷേപിച്ച് സംസാരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉസ്ബെക്കിസ്ഥാൻ പരമോന്നത ബഹുമതി നൽകി ആദരിച്ചതിൽ ബിജെപിയെയും സംഘപരിവാറിനെയും പരിഹസിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മുഗൾ ചക്രവർത്തിയായ ബാബറിൻ്റെ പേര് രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെയായിരുന്നു ഒവൈസിയുടെ വിമർശനം. ബാബറിൻ്റെ നാട്ടുകാരാണ് മോദിയെ ആദരിച്ചതെന്നും ഇനിയെങ്കിലും സംഘപരിവാർ ബാബറിനെ അധിക്ഷേപിച്ച് സംസാരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒവൈസി പറഞ്ഞു.

"ബാബറിൻ്റെ രാജ്യക്കാർ പ്രധാനമന്ത്രിക്ക് പുരസ്കാരം നൽകിയതിൽ ബിജെപിയെ ഞാൻ അഭിനന്ദിക്കുന്നു. ഉസ്ബെക്കിസ്ഥാനിലാണ് ഫെർഗാന താഴ്‌വര. പ്രധാനമന്ത്രി ഇപ്പോൾ എവിടെപ്പോയാലും ഒരു അവാർഡുമായാണ് മടങ്ങിവരുന്നത്. അഭിനന്ദനങ്ങൾ. നിങ്ങൾ ബാബറിൻ്റെ പേരിൽ ഒരുപാട് അധിക്ഷേപങ്ങൾ ചൊരിഞ്ഞിരുന്നു, എന്നാൽ അതേ നാട്ടുകാർ തന്നെ നിങ്ങളെ ഇപ്പോൾ ആദരിക്കുകയാണ്. സംഘപരിവാർ ഇതിനെക്കുറിച്ച് ചിന്തിക്കണം. ഇനിയെങ്കിലും സംഘപരിവാർ പ്രവർത്തകരും ആർഎസ്എസ് അനുകൂലികളും ബാബറിനെക്കുറിച്ച് ആ രീതിയിൽ സംസാരിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു"- ഒവൈസി പറഞ്ഞു.

അമേരിക്കയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പ്രസ്താവനയെയും ഒവൈസി വിമർശിച്ചു. ഇത് ആർഎസ്എസിൻ്റെ പഴയ അടവാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസം. ആർഎസ്എസ് സ്ഥിരമായി പറയുന്ന കാര്യങ്ങളിൽ നിന്ന് അവർ ഒരിക്കലും പിന്മാറുകയോ തിരുത്തുകയോ ചെയ്യില്ലെന്ന് മോഹൻ ഭാഗവതിൻ്റെ വാക്കുകൾ വ്യക്തമാക്കുന്നു. പുറംലോകത്തിന് വേണ്ടി നടത്തുന്ന പ്രസംഗങ്ങളും സ്വന്തം പ്രവർത്തകർക്കായി നടത്തുന്ന പ്രസംഗങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇത് അവരുടെ സ്ഥിരം ശൈലിയാണെന്നും ഒവൈസി കുറ്റപ്പെടുത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് പങ്കെടുത്തിട്ടില്ലെന്നും ഒവൈസി പറഞ്ഞു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉസ്ബെക്കിസ്ഥാൻ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ഒലി ദരജലി ദസ്ത്ലിക്' നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചത്. പ്രധാനമന്ത്രിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെ പ്രസിഡൻ്റ് ശവ്കത് മിർസിയോയേവി ആണ് പുരസ്കാരം സമ്മാനിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ തനിക്കും സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് പ്രസിഡൻ്റ് മിർസിയോയേവിനോട് മോദി നന്ദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്തർ പ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഹരിയാൻവി ഗായകനെ കൊലപ്പെടുത്തിയ പ്രതികളെന്ന് സംശയിക്കുന്നവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി പൊലീസ്
ഇന്ത്യ ലോകത്തെ മഹാശക്തിയല്ല, വിശ്വഗുരുവാണെന്നും മോഹൻ ഭഗവത്; 'യുദ്ധത്തിൻ്റെ ഇരകൾക്ക് എന്നും സംരക്ഷണം നൽകി'